ടാര്‍ഗെറ്റ് പിഴ പിരിക്കാനല്ല, നികുതി കുടിശ്ശിക പിരിക്കാന്‍; വിശദീകരണവുമായി എം.വി.ഡി.

Share our post

കഴിഞ്ഞ ഏതാനും ദിവസങ്ങളായി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒന്നാണ് 1000 കോടി രൂപ പിഴയായി പിരിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിന് സര്‍ക്കാര്‍ ടാര്‍ഗെറ്റ് നല്‍കി എന്നുള്ളത്.

കേട്ടപാതി കേള്‍ക്കാത്ത പാതി ഇത് നിരവധി ആളുകള്‍ ഷെയര്‍ ചെയ്യുകയും സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശനങ്ങളും ആരംഭിച്ചിരുന്നു. ഇതിനുപിന്നാലെ പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് സംസ്ഥാന ധനമന്ത്രി കെ.എന്‍. ബാലഗോപാലും സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു.

നികുതി പിരിച്ചെടുക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിന് കൃത്യമായി നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നായിരുന്നു മന്ത്രി അറിയിച്ചത്.

നികുതി കുടിശിക കൃത്യമായി പിരിച്ചെടുക്കണം എന്ന് വകുപ്പുതലത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുമ്പോള്‍ അത് ആളുകളെ റോഡില്‍ തടഞ്ഞുനിര്‍ത്തി നടത്തുന്ന പിഴപ്പിരിവ് ആണെന്ന് തെറ്റായിധരിക്കുകയാണെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം. ഇതിനുപിന്നാലെ വിശദീകരണവുമായി മോട്ടോര്‍ വാഹന വകുപ്പും രംഗത്തെത്തിയിരിക്കുകയാണ്.

വര്‍ഷാവര്‍ഷം ബഡ്ജറ്റ് എസ്റ്റിമേറ്റ് പുതുക്കുക, നികുതി വരുമാനം വര്‍ധിപ്പിക്കുക എന്ന സ്വാഭാവിക നടപടിക്രമത്തെ എത്ര ലാഘവത്തോടെയാണ് തെറ്റിധരിപ്പിക്കുന്നതെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് കുറ്റപ്പെടുന്നത്.

ബഡ്ജറ്റ് എസ്റ്റിമേറ്റ് പുതുക്കി നിശ്ചയിക്കുക എന്നത് ഒരു സ്വാഭാവിക സര്‍ക്കാര്‍ നടപടിക്രമം മാത്രമാണെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചിരിക്കുന്നത്.

മോട്ടോര്‍ വാഹന വകുപ്പില്‍ മാത്രമല്ല റവന്യൂ വരുമാനം നേടുന്ന എല്ലാ വകുപ്പുകളിലും ഇത്തരത്തില്‍ റിവൈസ്ഡ് എസ്റ്റിമേറ്റ് നല്‍കാറുള്ളതാണ്. അത്തരത്തില്‍ ലഭിക്കുന്ന സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി തന്റെ കീഴിലുള്ള ഓഫീസുകളിലേക്ക് അയച്ച് നല്‍കുക എന്നത് ഒരു ഭരണ നിര്‍വഹണ പ്രക്രിയമാത്രമാണ്.

എന്നാല്‍, അതിനെ പിഴ പിരിക്കുന്നതിനുള്ള നിര്‍ദേശമായി വ്യാഖ്യാനിക്കുന്നത്‌ നിര്‍ഭാഗ്യകരമാണെന്ന് മോട്ടോര്‍ വാഹന വകുപ്പ് അഭിപ്രായപ്പെട്ടു.

നിര്‍ദേശത്തില്‍ ഒരിടത്തുപോലും പിഴയീടാക്കണമെന്ന് പറയുന്നില്ല. മോട്ടോര്‍ വാഹന വകുപ്പില്‍ ഓരോ ഓഫീസിനും ടാര്‍ഗെറ്റുകള്‍ നല്‍കാറുണ്ട്.

എന്നാല്‍, ഇത് പിഴ പിരിക്കുന്നതിനല്ല, ഫീസ്, ടാക്‌സ് തുടങ്ങിയ വകുപ്പില്‍ വരുമാനമാര്‍ഗത്തോടൊപ്പം തന്നെ കുടിശികയായ നികുതി പിരിച്ചെടുക്കുന്നതിനാണ്.

റോഡ് സുരക്ഷയ്ക്കായി നൂതന ആശയങ്ങള്‍ നടപ്പിലാക്കി വരുന്ന കാലഘട്ടമാണിത്. റോഡ് നിയമങ്ങള്‍ പാലിക്കുന്ന ഒരാളിനും പിഴ ഒടുക്കേണ്ടിവരില്ല-എം.വി.ഡി. കേരള പറയുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!