പാത്തൻ പാറ ഭൂമി വിണ്ടു കീറൽ; മണ്ണ് ക്വാറി കുഴികളിലേക്ക് മാറ്റും

നടുവിൽ: ഗ്രാമ പഞ്ചായത്തിലെ പാത്തൻപാറയിൽ ഭൂമി വിണ്ടുകീറിയതിൽ അപകട സാധ്യതകളില്ലെന്നും ഉരുൾപൊട്ടൽ ഭീതി വേണ്ടെന്നും വിദഗ്ധ സംഘത്തിൻ്റെ വിലയിരുത്തൽ.
വിണ്ടുകീറി ഇളകിയ മണ്ണ് ക്വാറി കുഴികളിൽ നിക്ഷേപിക്കാൻ ക്വാറി ഉടമകൾക്ക് നോട്ടിസ് നൽകാൻ ജില്ലാ കലക്ടർ എസ്.ചന്ദ്രശേഖർ നിർദ്ദേശം നൽകി.
ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന പ്രത്യേക യോഗത്തിലാണ് നിർദ്ദേശം. യോഗത്തിൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി സീനിയർ കൺസൽട്ടൻ്റ് ഡോ. എച്ച്. വിജിത്ത്,അസാർഡ് അനലിസ്റ്റ് ജി.എസ്. പ്രദീപ് എന്നിവർ റിപ്പോർട്ട് അവതരിപ്പിച്ചു.
അശാസ്ത്രീയ രീതിയിലുള്ള മണ്ണെടുപ്പാണ് ഭൂമി വിള്ളലിന് കാരണമെന്നും എന്നാൽ ഇവിടെ ഉരുൾപൊട്ടലിന് സാധ്യതകളില്ലെന്നും വിദഗ്ധർ യോഗത്തെ അറിയിച്ചു.
മഴയ്ക്ക് മുമ്പ് വിണ്ടുകീറിയ മണ്ണ് മാറ്റണമെന്നും അതിനെ ഉൾക്കൊള്ളാനുള്ള ശേഷി ക്വാറിയ്ക്കുണ്ടെന്നും വിദഗ്ധർ വ്യക്തമാക്കി.
ആർ.ഡി.ഒ.ഇ.പി. മേഴ്സി, ഡിസാസ്റ്റർ മാനേജ്മെൻ്റ് ഡെപ്യൂട്ടി കലക്ടർ ടി.വി.രഞ്ജിത്ത്, തളിപ്പറമ്പ് തഹസിൽദാർ പി. സജീവൻ , നടുവിൽ പഞ്ചായത്ത്’ പ്രസിഡന്റ് ബേബി ഓടമ്പള്ളി, വൈസ് പ്രസിഡന്റ് സി. എച്ച്. സീനത്ത്, വാർഡംഗം സെബാസ്റ്റ്യൻ വിലങ്ങുളിൽ, ഇടവക വികാരി ഫാ.സെബാൻ, ജോസ് സെബാസ്റ്റ്യൻ തുടങ്ങിയവർ പങ്കെടുത്തു.