കണ്ണൂര്‍ കോട്ടയിലെ ലൈറ്റ് ആന്റ് സൗണ്ട് ഷോ അഴിമതി കേസില്‍ മുന്‍ എം.എല്‍.എ. എ .പി അബ്ദുള്ളക്കുട്ടിയെ ചോദ്യം ചെയ്യാന്‍ വിജിലന്‍സ്

Share our post

കണ്ണൂര്‍ :കോട്ടയിലെ ലൈറ്റ് ആന്റ് സൗണ്ട് ഷോ അഴിമതി കേസില്‍ മുന്‍ എം.എല്‍.എ. എ .പി അബ്ദുള്ളക്കുട്ടിയെ ചോദ്യം ചെയ്യാന്‍ വിജിലന്‍സ്.

പദ്ധതിയുടെ കരാര്‍ സ്വകാര്യ കമ്പനിക്ക് കിട്ടാനായി അബ്ദുള്ളക്കുട്ടി ഇടപെട്ടതിന്റെ രേഖകള്‍ കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സിന്റെ നീക്കം. സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കൂടുതല്‍ ആളുകളെ പ്രതിചേര്‍ക്കുന്ന കാര്യം വിജിലന്‍സ് തീരുമാനിക്കും.

സെന്റ് ഏയ്ഞ്ചലോസ് കോട്ടയിലെ ലൈറ്റ് ആന്റ് സൗണ്ട് ഷോയുമായി ബന്ധപ്പെട്ട് അഴിമതി നടന്നെന്ന പരാതിയില്‍ പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കിയ വിജിലന്‍സ് കഴിഞ്ഞ ദിവസമാണ് കേസെടുത്തത്. ഡി.ടി.പി.സി സെക്രട്ടറിയായിരുന്ന സജി വര്‍ഗീസ് ഉള്‍പ്പെടെയുള്ളവരെ പ്രതിയാക്കി തലശ്ശേരി വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

പദ്ധതിയില്‍ വന്‍ ക്രമക്കേട് നടന്നെന്നായിരുന്നു പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തല്‍. പല ഉപകരണങ്ങളും സ്ഥാപിച്ചില്ലെന്ന് മാത്രമല്ല, ഉപയോഗിച്ച ഉപകരണങ്ങള്‍ക്ക് ഗുണനിലവാരമില്ലെന്നും കണ്ടെത്തി. പദ്ധതി നടപ്പാക്കുന്ന സമയത്ത് കണ്ണൂര്‍ എം.എല്‍.എ ആയിരുന്ന എ. പി അബ്ദുള്ളക്കുട്ടിയുടെ മൊഴി നേരത്തെ വിജിലന്‍സ് രേഖപ്പെടുത്തിയിരുന്നു.

പദ്ധതിയുടെ കാര്യത്തില്‍ ഇടപെടലുകള്‍ നടത്തിയിട്ടില്ലെന്നായിരുന്നു അബ്ദുള്ളക്കുട്ടി വിജിലന്‍സിന് മൊഴി നല്‍കിയത്. എന്നാല്‍ ഡിടിപിസിയില്‍ നിന്നുള്‍പ്പെടെ കസ്റ്റഡിയിലെടുത്ത രേഖകളില്‍ അബ്ദുള്ളക്കുട്ടിയുടെ ഇടപെടല്‍ സംബന്ധിച്ച വിവരങ്ങള്‍ കിട്ടിയതായാണ് സൂചന.

പദ്ധതിയുടെ കരാര്‍ ബംഗളൂരു ആസ്ഥാനമായുള്ള കമ്പനിക്ക് കിട്ടാനായി അബ്ദുള്ളക്കുട്ടി ഇടപെട്ടത് സംബന്ധിച്ച രേഖകളാണ് വിജിലന്‍സിന്റെ കൈവശമുള്ളത്. ഇക്കാര്യത്തില്‍ വ്യക്തത വരുത്താനായി അബ്ദുള്ളക്കുട്ടിയെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

അതേസമയം കേസിലെ സാക്ഷികളുടെ മൊഴി രേഖപ്പെടുത്താനുള്ള നടപടികള്‍ വിജിലന്‍സ് തുടങ്ങിയിട്ടുണ്ട്. ഇതിന് ശേഷമാകും കൂടുതല്‍ ആളുകളെ പ്രതി ചേര്‍ക്കണമോയെന്ന കാര്യം വിജിലന്‍സ് തീരുമാനിക്കുക.

3.8 കോടി രൂപ ചെലവിലായിരുന്നു 2016ല്‍ ലൈറ്റ് ആന്റ് സൗണ്ട് ഷോ പദ്ധതി കണ്ണൂര്‍ കോട്ടയില്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തത്. രണ്ട് വര്‍ഷത്തിന് ശേഷം പൊതുജനങ്ങള്‍ക്കായി പ്രദര്‍ശനം അനുവദിച്ചെങ്കിലും മാസങ്ങള്‍ക്കുള്ളില്‍ തന്നെ പദ്ധതി നിലച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!