വീഡിയോകള്‍ മറ്റ് ഭാഷകളിലേക്ക് എ.ഐ ഉപയോഗിച്ച് ഡബ്ബ് ചെയ്യാം; ക്രിയേറ്റര്‍മാര്‍ക്കായി ‘ഡബ്ബ്‌വേഴ്‌സ്’

Share our post

വീഡിയോകള്‍ ഏത് ഭാഷയിലേക്കും ഡബ്ബ് ചെയ്യാന്‍ സാധിക്കുന്ന എ.ഐ പ്ലാറ്റ്‌ഫോമുമായി ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ്പ് ഡബ്ബ് വേഴ്‌സ്. ഓണ്‍ലൈന്‍ വീഡിയോ ക്രിയേറ്റര്‍മാര്‍ക്ക് അവരുടെ വീഡിയോയിലെ ശബ്ദം മറ്റ് ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്‌തെടുക്കാന്‍ സഹായിക്കാനാണ് ഡബ്ബ് വേഴ്‌സ് ലക്ഷ്യമിടുന്നത്.

കോവിഡ് കാലത്ത് ഇംഗ്ലീഷില്‍ മാത്രം ലഭ്യമായിരുന്ന ഓണ്‍ലൈന്‍ പഠന സാമഗ്രികള്‍ ഇംഗ്ലീഷ് അറിയാത്ത പ്രാദേശിക ഭാഷ സംസാരിക്കുന്നവര്‍ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് വര്‍ഷുല്‍ ഗുപ്ത, അനുജ ധവാന്‍ എന്നിവര്‍ ചേര്‍ന്ന് ഡബ് വേഴ്‌സിന് തുടക്കമിട്ടത്.

സിനിമകള്‍ക്കും ടെലിവിഷന്‍ പരിപാടികള്‍ക്കും വേണ്ടിയുള്ള ദൈര്‍ഘ്യമേറിയ പ്രക്രിയയാണ് ഡബ്ബിങ്. അടുത്തകാലത്തായി വലിയ രീതിയില്‍ മൊഴിമാറ്റ ചിത്രങ്ങള്‍ ഇന്ത്യയിലുടനീളം റീലീസ് ചെയ്യപ്പെടുന്നുമുണ്ട്.

സ്റ്റുഡിയോകളുടെ സഹായത്തോടെ മാത്രം സാധ്യമായിരുന്ന ദൈര്‍ഘ്യമേറിയ ഈ പ്രക്രിയ സാധാരണ വീഡിയോ ക്രിയേറ്റര്‍മാര്‍ക്കും വാര്‍ത്താ പ്രസാധകര്‍ക്കും ലഭ്യമാക്കുകയാണ് ഗുഡ്ഗാവ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ സ്റ്റാര്‍ട്ട് അപ്പ്.

നിലവില്‍ ഒരു മിനിറ്റ് വരെ ദൈര്‍ഘ്യമുള്ള വീഡിയോകള്‍ ഒറ്റ ക്ലിക്കില്‍ മറ്റ് ഭാഷകളിലേക്ക് ഡബ്ബ് ചെയ്യാന്‍ ഡബ്ബ് വേഴ്‌സിലൂടെ സാധിക്കും. ടിക് ടോക്ക്, റീല്‍സ്, യൂട്യൂബ് ഷോര്‍ട്‌സ് വീഡിയോകള്‍ക്ക് ഉപകരിക്കും വിധമാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെയാണ് ഇതില്‍ ശബ്ദം ഉണ്ടാക്കുന്നത്. എഐ ജനറേറ്റഡ് വോയ്‌സ് ഇ-ബുക്ക് സേവനങ്ങളിലും വോയ്‌സ് അസിസ്റ്റന്റുകളിലും ഇത് ഇതിനകം ഉപയോഗിക്കുന്നുണ്ട്. എന്നാല്‍, വളരെ യാന്ത്രികമായ വായനയാണ് അവയെല്ലാം.

എന്നാല്‍ മനുഷ്യ സമാനമായ രീതിയില്‍ ഒരു കാര്യം വിശദീകരിക്കുന്നതുപോലെയാണ് ഡബ്ബ് വേഴ്‌സ് ഈ ജോലി ചെയ്യുക. ഇതിനുവേണ്ടി 30-ഓളം മനുഷ്യ ശബ്ദങ്ങളും വിവിധങ്ങളായ ഭാഷാ ഉച്ചാരണങ്ങളും ഡബ്ബ് വേഴ്‌സിന്റെ പക്കലുണ്ട്.

അതേസമയം, ഡബ്ബ് വേഴ്‌സ് ഉപയോഗിച്ചുള്ള മൊഴിമാറ്റം ഒരിക്കലും മനുഷ്യന് തുല്യമാവില്ലെന്ന് ഇതിന്റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. 90 മുതല്‍ 95 ശതമാനം വരെ മികവ് പ്രതീക്ഷിക്കാമെന്നും അതും ഓരോ ഭാഷയിലും വ്യത്യാസം വരാമെന്നും സഹസ്ഥാപകയായ അനുജ ധവാന്‍ പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!