ബസിടിച്ച് നാല് പേരുടെ മരണം: ഡ്രൈവർക്ക് അഞ്ച് വർഷം തടവ്

തലശ്ശേരി: തളിപ്പറമ്പ് കുപ്പത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് അമിത വേഗതയിൽ വന്ന ബസ് ഇടിച്ച് കയറി രണ്ട് വിദ്യാർത്ഥികൾ ഉൾപ്പെടെ നാല് പേർ മരിക്കാനിടയായ കേസിൽ ഡ്രൈവറെ അഞ്ച് വർഷം തടവിന് ശിക്ഷിച്ചു.
ഒന്നാം അഡീഷണൽ ജില്ലാ ജഡ്ജ് എ.വി. മൃദുലയാണ് ശിക്ഷ വിധിച്ചത്. പി.എൻ.ആർ. ബസ് ഡ്രൈവർ ഉദിനൂരിലെ പറമ്പത്ത് വീട്ടിൽ രാഹുൽ പി. (38) നെയാണ് ശിക്ഷിച്ചത് .
2010 സെപ്തംമ്പർ ഒന്നിന് രാവിലെയാണ് അപകടം നടന്നത്. പയ്യന്നൂർ ഭാഗത്ത് നിന്നും വരുന്ന ബസ് സ്റ്റോപ്പിൽ കാത്ത് നിൽക്കുകയായിരുന്നവർക്ക് നേരെ ഇടിച്ചുകയറുകയായിരുന്നു.
തളിപ്പറമ്പ് സീതി സാഹിബ് മെമ്മോറിയൽ സ്‌കൂളിലെ വിദ്യാർത്ഥികളായ ടി.കെ. കുഞ്ഞാമിന (15), കെ.എം.കദീജ (15), റിസ്വാന പിന്നിവരും എ.സി.ഖാദർ (52) എന്നിവരും മരണപ്പെടുകയും വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
കുപ്പത്തെ പുതിയ പുരയിൽ മുഹമ്മദ് ഷെരീഫിന്റെ പരാതിയിലാണ് പൊലീസ് പ്രഥമ വിവരം രേഖപ്പെടുത്തിയത്. സംഭവം നേരിൽ കണ്ട സീതി സാഹിബ് സ്കൂളിലെ അദ്ധ്യാപകൻ കെ. അബ്ദുള്ള, പരിക്ക് പറ്റിയ റിസ് വാന, വിദ്യാർത്ഥികളായ ഷർ ഹാന, ടി.കെ. ജംഷീറ, പൊലീസ് ഓഫീസർമാരായ ടി. മധുസൂദനൻ ,ഡി. പ്രമോദ്, പി.ജെ. ജോയ്, പി. ചന്ദ്രശേഖരൻ, രാധാകൃഷ്ണൻ ,കെ. ഗോപാലകൃഷ്ണൻ, ഡോക്ടർമാരായ ലതിക ദേവി, ആർ.കെ. റമിത്ത്, ശ്രീധരൻ ഷെട്ടി, രാഗേഷ് ,ആർ.ടി.ഒ ഒ.കെ. അനിൽകുമാർ തുടങ്ങിയവരാണ് പ്രോസിക്യൂഷൻ സാക്ഷികൾ. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഡിസ്ട്രിക്ട് ഗവ: പ്ലീഡർ അഡ്വ. സി.കെ. രാമചന്ദ്രൻ ഹാജരായി.