പഴശ്ശി കനാൽ വഴി 15 വർഷത്തിനുശേഷം വെള്ളമൊഴുക്കി

Share our post

ഇരിട്ടി:പഴശ്ശി പദ്ധതി മെയിൻ കനാൽ വഴി 15 വർഷത്തിനുശേഷം വെള്ളമൊഴുക്കിയുള്ള ട്രയൽ റൺ വിജയത്തിലേക്ക്‌. പ്രളയത്തിലും കാലപ്പഴക്കത്തിലും തകർന്ന മെയിൻ, ബ്രാഞ്ച്‌ കനാലുകളും കൈക്കനാലുകളും സർക്കാർ സഹായത്തോടെ നവീകരിച്ചും ബലപ്പെടുത്തിയുമാണ്‌ ഇതിനായി ക്രമീകരണമൊരുക്കിയത്‌.

മൂന്ന്‌ വർഷത്തിനകം ജില്ലയുടെ മൂന്നിൽ രണ്ട്‌ ഭാഗങ്ങളിൽ ജലസേചന, കുടിവെള്ള വിതരണത്തിന്‌ പദ്ധതിയെ പ്രാപ്‌തമാക്കാനാണ്‌ നീക്കം. സർക്കാർ ബജറ്റിൽ രണ്ട്‌ വർഷങ്ങളായി അനുവദിച്ച 20 കോടി രൂപ ഉപയോഗിച്ചാണ്‌ അറ്റകുറ്റപ്പണിയും മറ്റ്‌ പ്രവൃത്തികളും നടത്തിയത്‌.

കഴിഞ്ഞ വർഷം മെയിൻ കനാൽ വഴി 5.5 കി.മീ. ദൂരത്തിൽ കീച്ചേരി വരെ നടത്തിയ ട്രയൽ റൺ ലക്ഷ്യം കൈവരിച്ചതിന്റെ തുടർച്ചയിലാണ്‌ മെയിൻ കനാൽ വഴി പതിനഞ്ചും മാഹി കനൽ വഴി എട്ടും കി.മീ. ദൂരത്തിൽ ഇത്തവണ ട്രയൽ.

അത്യുഷ്‌ണം കാരണം ജലലഭ്യതയിൽ കുറവ്‌ വരുമോ എന്ന ആശങ്കയിൽ ഏപ്രിൽ അവസാനം നടത്താൻ തീരുമാനിച്ച ട്രയൽ റൺ നേരത്തെയാക്കി. കനാലിന്റെ മൂന്ന്‌ ഷട്ടർ 60 സെന്റീമീറ്റർ വീതം ഉയർത്തിയാണ്‌ വെള്ളമൊഴുക്കിയത്‌.

24 മണിക്കൂറിനകം പത്ത്‌ കി.മീ. ദൂരത്തിൽ വെള്ളമെത്തി. വ്യാഴാഴ്‌ചയോടെ 15 കി.മീറ്ററും മാഹി കനാലിലെ എട്ട്‌ കി.മീറ്ററും ദൂരത്തിൽ വെള്ളമെത്തുമെന്ന പ്രതീക്ഷയിലാണ്‌ അധികൃതർ.2008 ലാണ്‌ കനാൽ വഴി അവസാനം വെള്ളമൊഴുക്കിയത്‌. 2012-ലെ പ്രളയത്തെ തുടർന്നാണ്‌ വെള്ളമൊഴുക്കൽ നിലച്ചത്‌.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!