12 കാരനെ പീഡിപ്പിച്ച കേസിൽ ഒൻപത് വർഷം തടവ്

തലശ്ശേരി:കണ്ണൂർ കോട്ട കാണിക്കാമെന്നു പറഞ്ഞു 12 വയസ്സുള്ള ആൺകുട്ടിയെ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന കേസിൽ പ്രതിയെ ഫാസ്റ്റ് ട്രാക് സ്പെഷൽ കോടതി വിവിധ വകുപ്പുകളിലായി ഒൻപത് വർഷം തടവിനും 22,000 രൂപ പിഴ അടയ്ക്കാനും ശിക്ഷിച്ചു.
കണ്ണൂർ ചേലേരിമുക്കിലെ കെ.സിറാജൂദ്ദീനെയാണ് (35) ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി സി.ജി.ഘോഷ ശിക്ഷിച്ചത്.
പിഴ അടച്ചാൽ ഇരയായ ബാലന് നൽകണം. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷവും രണ്ട് ആഴ്ചയും കൂടുതൽ തടവ് അനുഭവിക്കണം.
2018 ഒക്ടോബർ 26ന് വൈകിട്ട് 5.30നാണ് സംഭവം. സ്കൂൾ വിട്ടു വരികയായിരുന്ന കുട്ടിയെ കോട്ട കാണിക്കാമെന്ന് പറഞ്ഞാണ് കൂട്ടിക്കൊണ്ടുപോയത്.
കണ്ണൂർ സിറ്റി പൊലീസ് സ്റ്റേഷനിലെ എസ്ഐ: കെ.പി. ശ്രീഹരിയാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ പി.എം.ഭാസുരി ഹാജരായി.