കണ്ണൂർ: കക്കുകളിയല്ല എന്തു കളി കളിച്ചാലും ക്രൈസ്തവ സന്യാസ സമൂഹത്തിന് ഒന്നും സംഭവിക്കില്ലെന്നു തലശ്ശേരി ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി. ക്രൈസ്തവ സന്യാസത്തെ അവഹേളിക്കുന്ന കക്കുകളി നാടകം നിരോധിക്കണമെന്ന ആവശ്യവുമായി തലശ്ശേരി, കണ്ണൂർ, ബത്തേരി, കോട്ടയം രൂപതകൾ സി.ആർ.ഐ കണ്ണൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
‘കക്കുകളി നാടകം കളിച്ചാൽ സന്യാസം ആവിയാവില്ല. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരില സമീപകാലത്തു നടക്കുന്ന ക്രൈസ്തവ വേട്ടയുടെ ഭാഗമാണീ നാടകവും. അടുത്തിടെയിറങ്ങിയ ഇരുപതിലധികം സിനിമകളിൽ കുമ്പസാരത്തെ അശ്ലീലമായി ചിത്രീകരിച്ചതു ദുരുദ്ദേശ്യപരമാണ്.
ഇതെല്ലാം നിർമിച്ചതു സാത്താനെ ആരാധിക്കുന്ന ബ്ലാക് മാസുകാരാണ്. വിഭവങ്ങളുടെ തുല്യമായ ഉപഭോഗമെന്ന ആശയം കാറൽ മാർക്സിനു ലഭിച്ചതു ക്രൈസ്തവ സന്യാസ സമൂഹത്തിൽ നിന്നാണ്. സന്യാസ സമൂഹത്തെ തള്ളുന്നവർ, മാർക്സിസവും തെറ്റാണെന്നു പറയേണ്ടി വരും.
കേരളത്തിൽ വിദ്യാഭ്യാസത്തിലൂടെ നവോത്ഥാനം കൊണ്ടുവന്നതു ക്രൈസ്തവ സന്യാസിമാരാണ്. യൂണിഫോമിലൂടെ അവർ സ്കൂളുകളിലെ ജാതി വേർതിരിവില്ലാതാക്കി. വഴിതെറ്റിപ്പോയ ഏതാനും ചിലരുടെ പേരിൽ സന്യാസ സമൂഹത്തെ മൊത്തമായി വിലയിരുത്തരുത്.
എത്രയോ തെരുവു ബാല്യങ്ങൾക്കും അശരണർക്കും തണലാകുന്ന സന്യാസ സമൂഹം അപഹസിക്കപ്പെടേണ്ടവരല്ല. ബാലചന്ദ്രൻ ചുള്ളിക്കാടിനെ പോലെയുള്ള മികച്ച എഴുത്തുകാരും കലാകാരന്മാരും അവരെ നന്മയുടെയും മഹത്വത്തിന്റെയും മാലാഖമാരായി രേഖപ്പെടുത്തിയിട്ടുണ്ട്. നിലവാരമില്ലാത്ത കലകാരന്മാരാണ് അവരെ മോശമായി ചിത്രീകരിക്കുന്നത്.
ഭയം കൊണ്ടല്ല സന്യാസസമൂഹം ഇപ്പോൾ പ്രതികരിക്കുന്നത്. എന്താണു സന്യാസം എന്നു പറഞ്ഞു തരാൻ വേണ്ടിയാണ്. അവർ കലാപത്തിനു വരില്ല. ഏതു പ്രതികരണത്തെയും അവർ പുഞ്ചിരിയോടെ നേരിടും.
കലയുടെ പേരിൽ അവരെ അപഹസിക്കുന്നവർ ഒന്നോർക്കണം, മഠത്തിനകത്തിരിക്കുന്ന അവരുടെ ജപമാലയ്ക്കു നിങ്ങളേക്കാൾ ശക്തിയുണ്ട്.’ മാർ ജോസഫ് പാംപ്ലാനി പറഞ്ഞു. കൺവീനർമാരായ ഫാ. ജിൻസ് വാളിപ്ലാക്കൽ, ഫാ. വിൻസെന്റ് എടക്കരോട്ട്, സിസ്റ്റർ ആൻസി പോൾ, ഡോ.ടോം ഒലിക്കരോട്ട്, ഡോ. വന്ദന, കണ്ണൂർ വികാരി ജനറൽ മോൺ.
ക്ലാരൻസ് പാലിയത്ത്, ഡോ.സിബി, ഫാ. ചാക്കോ ചേലമ്പറമ്പിൽ, മോൺ. ആന്റണി മുതുകുന്നേൽ, ഫാ. ജോയ് കട്ടിയാങ്കൽ, സിസ്റ്റർ മേരി കാഞ്ചന, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോർജ് തയ്യിൽ, സിസ്റ്റർ വീണ, എം.സി.ജേക്കബ്, സിസ്റ്റർ സോണിയ എന്നിവർ പ്രസംഗിച്ചു.
മോൺ. ജോസഫ് ഒറ്റപ്ലാക്കൽ, മോൺ. മാത്യു ഇളന്തുരുത്തിപ്പടവിൽ, ഫാ. ഫിലിപ് കവിയിൽ എന്നിവർ നേതൃത്വം നൽകി.