കണ്ണൂരിലെ പുനർഗേഹ’ത്തിൽ 55 കുടുംബങ്ങൾകൂടി വീടൊരുങ്ങുന്നു

Share our post

കണ്ണൂർ: തീരദേശവാസികൾക്കായി ഫിഷറീസ്‌ വകുപ്പ്‌ നടപ്പാക്കുന്ന ഭവനനിർമാണ പദ്ധതി ‘പുനർഗേഹ’ത്തിൽ 55 കുടുംബങ്ങൾക്ക്‌ കൂടി വീടൊരുങ്ങുന്നു. നൂറുദിന കർമപരിപാടിയുടെ ഭാഗമായാണ്‌ 55 വീടുകളുടെ നിർമാണം.

തലശേരി 23, കണ്ണൂർ 13, അഴീക്കോട് -18, മാടായി-ഒന്ന്‌ എന്നിങ്ങനെയാണ്‌ വീടുകൾ നിർമിക്കുന്നത്‌. ഇതിൽ 13 വീടുകളുടെ നിർമാണം പൂർത്തിയായി. ബാക്കിയുള്ളവയുടെ നിർമാണം ഉടൻ പൂർത്തിയാകും.

തീരദേശ വേലിയേറ്റ രേഖയിൽനിന്ന്‌ 50 മീറ്റർ പരിധിക്കുള്ളിൽ താമസിക്കുന്ന മുഴുവൻ ജനവിഭാഗങ്ങൾക്കും സുരക്ഷിത മേഖലയിൽ വീട് നിർമിക്കുന്ന പദ്ധതിയാണ് പുനർഗേഹം. 2017ലെ സർവേ പ്രകാരം 1583 കുടുംബങ്ങളാണ് ജില്ലയിൽ 50 മീറ്റർ പരിധിയിൽ താമസിക്കുന്നത്. മാറിതാമസിക്കാൻ സന്നദ്ധത പ്രകടിപ്പിച്ച 307 കുടുംബങ്ങളെയാണ് ഇപ്പോൾ മാറ്റി പാർപ്പിക്കുന്നത്.

ഇതിൽ 175 ഗുണഭോക്താക്കൾ കണ്ടെത്തിയ ഭൂമിയുടെ വില കലക്ടർ ചെയർമാനായ ജില്ലാതല അപ്രൂവൽ കമ്മിറ്റി അംഗീകരിച്ചു. ഇവരുടെ ഭൂമിയുടെ രജിസ്‌ട്രേഷൻ പൂർത്തിയായി.

നാലര ഏക്കർ ഭൂമിയാണ് ഏറ്റെടുത്തിരിക്കുന്നത്. ന്യൂമാഹി മുതൽ മാടായി വരെയുള്ള പഞ്ചായത്തുകളിലാണ് ഭൂമി കണ്ടെത്തിയത്. ഇതുവരെ 90 വീടുകൾ പദ്ധതിയുടെ ഭാഗമായി പൂർത്തിയാക്കി. 37 കുടുംബങ്ങൾ താമസം തുടങ്ങി. ബാക്കിയുള്ള കുടുംബങ്ങൾ താമസം മാറാനുള്ള തയ്യാറെടുപ്പിലാണ്.

സർക്കാരിന്റെ അടുത്ത 100 ദിന കർമപരിപാടിയിൽ ഉൾപ്പെടുത്തി ബാക്കി വീടുകൾ കൂടി പൂർത്തീകരിച്ച് കൂടുതൽ കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള ശ്രമത്തിലാണ് ഫിഷറീസ് വകുപ്പ്.

മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിനായി വീട്, ഫ്ലാറ്റ്‌ സമുച്ചയം എന്നിവ നിർമിക്കാനാണ് പദ്ധതി. മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകാനുള്ള സൗകര്യം കൂടി കണക്കിലെടുത്താണ് വീടിന്റെ സ്ഥലം കണ്ടെത്തുന്നത്.

ഗുണഭോക്താക്കൾക്ക് മൂന്ന് സെന്റ് സ്ഥലം സ്വന്തമായി വാങ്ങുന്നതിന്‌ പരമാവധി ആറുലക്ഷം രൂപയും വീട്‌ നിർമാണത്തിന്‌ നാല് ലക്ഷം രൂപയുമടക്കം ആകെ 10 ലക്ഷം രൂപയാണ് അനുവദിക്കുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!