സദാചാര ഗുണ്ടകളുടെ ക്രൂര മർദനമേറ്റ യുവാവ് മരിച്ച സംഭവം; നാല് പ്രതികൾ ഉത്തരാഖണ്ഡിൽ പിടിയിൽ

Share our post

തൃശ്ശൂർ: സദാചാര ഗുണ്ടകളുടെ ആക്രമണത്തിന് വിധേയനായി സ്വകാര്യ ബസ് ഡ്രൈവറായിരുന്ന ചിറയ്ക്കല്‍ കോട്ടം മമ്മസ്രയില്ലത്ത് ഷംസുദ്ദീന്റെ മകൻ സഹർ (32) മരിച്ച സംഭവത്തിൽ നാല് പ്രതികൾ പിടിയിൽ. സഹറിന്റെ മരണത്തിന് ശേഷം ഒളിവിലായിരുന്ന ചേർപ്പ് സ്വദേശികളായ അരുൺ, അമീർ, നിര‌ഞ്ജൻ, സുഹൈൽ എന്നിവരെയാണ് ഉത്തരാഖണ്ഡിൽ നിന്ന് അന്വേഷണ സംഘം പിടികൂടിയത്.

പ്രതികൾ ബന്ധുക്കളെ വാട്ട്സാപ്പ് കാൾ വഴി ബന്ധപ്പെട്ടത് സൈബർ സെല്ലിന്റെ നേതൃത്വത്തിൽ നിരീക്ഷിച്ചായിരുന്നു ലൊക്കേഷൻ തിരിച്ചറിഞ്ഞത്. ഇവരെ നാളെ തൃശ്ശൂരിലെത്തിക്കും.ഫെബ്രുവരി പതിനെട്ടിന് അർദ്ധരാത്രിയാണ് യുവാവിന് ക്രൂരമർദനമേറ്റത്. തൃശ്ശൂർ-തൃപ്രയാർ റൂട്ടിലോടുന്ന സ്വകാര്യ ബസിലെ ഡ്രൈവറായിരുന്നു സഹർ.

പ്രവാസിയുടെ ഭാര്യയായ വനിതാ സുഹൃത്തിന്റെ വീട്ടിലെത്തിയത് ചോദ്യം ചെയ്യാൻ സദാചാര ഗുണ്ടകൾ എത്തുകയും ആക്രമിക്കുകയുമായിരുന്നു. സംഭവത്തിന് ശേഷം സ്വന്തം വീട്ടിലെത്തിയ സഹർ വേദന കൊണ്ട് നിലവിളിച്ചു.

മാതാവും ബന്ധുക്കളും ഉടൻ ആശുപത്രിയിലെത്തിച്ചു. ആരോഗ്യ നില വഷളായതിനെത്തുടർന്ന് നേരത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ചികിത്സയിൽ തുടരവേ മാർച്ച് ഏഴിനായിരുന്നു മരണം.അതേസമയം സഹറിനെ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ സമീപത്തെ ക്ഷേത്രത്തിലെ സിസിടിവിയിൽ നിന്ന് പൊലീസിന് ലഭിച്ചിരുന്നു. എന്നാൽ പ്രതികളെ പിടികൂടാത്തതിൽ ബന്ധുക്കൾ അടക്കം ആരോപണം ഉന്നയിച്ചിരുന്നു.

സഹർ ശരിയായ മൊഴി നൽകിയിരുന്നില്ല എന്നായിരുന്നു പൊലീസ് വാദം. സഹറിന്റെ മരണ ശേഷം പൊലീസ് പത്ത് പേ‌ർക്കെതിരെ കൊലക്കുറ്റം ചുമത്തി കേസ് എടുത്തിരുന്നു. എന്നാൽ പ്രതികളെല്ലാം അപ്പോഴേയ്ക്കും ഒളിവിൽ പോവുകയും ഇവർക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തു.

ഇതിനിടയിൽ പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ച രണ്ട് പേരെ അന്വേഷണ സംഘം പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് ഒളിവിൽ പോയ നാല് പേരെ ഉത്തരാഖണ്ഡിൽ നിന്ന് പിടികൂടിയത്. കേസിലെ മുഖ്യപ്രതിയായ രാഹുൽ വിദേശത്തേയ്ക്ക് കടന്നതായും പൊലീസ് നേരത്തെ അറിയിച്ചിരുന്നു. ഇയാളെ തിരികെ എത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായാണ് വിവരം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!