ഉദ്ഘാടനം കഴിഞ്ഞ്‌ ആറാം നാള്‍ ബെംഗളൂരു-മൈസൂരു അതിവേഗപാതയില്‍ വെള്ളക്കെട്ട്‌

Share our post

ബെംഗളൂരു: ആറു ദിവസം മുന്‍പ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ബെംഗളൂരു-മൈസൂരു അതിവേഗ പാത വെള്ളത്തിനടിയില്‍. വെള്ളിയാഴ്ച രാത്രി പെയ്ത കനത്ത മഴയിലാണ് പാതയില്‍ വെള്ളം കയറിയത്. ബെംഗളൂരുവിന് സമീപം രാമനഗര ജില്ലയിലാണ് സംഭവം.

ഹൈവേ റോഡിന്റെ അടിപ്പാലത്തില്‍ വെള്ളക്കെട്ടുണ്ടായതോടെ സ്ഥലത്ത് അപകടങ്ങളും ഗതാഗതക്കുരുക്കും രൂപപ്പെട്ടു.
കഴിഞ്ഞ മഴക്കാലത്തും ഇതേ സ്ഥലത്ത് വെള്ളക്കെട്ടുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 8480 കോടി രൂപ ചിലവിട്ട് നിര്‍മിച്ച പാത മുങ്ങിയതോടെ വിവിധയിടങ്ങളില്‍ നിന്ന് പ്രതിഷേധങ്ങളും വിമര്‍ശനവും ഉയര്‍ന്നു.
വെള്ളക്കെട്ടില്‍ മുങ്ങിയതോടെ കാര്‍ ഓഫായി. തുടര്‍ന്ന് പുറകിലുണ്ടായ ലോറി കാറിലിടിച്ചതായി യാത്രക്കാരിലൊരാള്‍ ആരോപിച്ചു. തന്റെ കാര്‍ നന്നാക്കി നല്‍കുവാന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെടുന്നു.പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഗതാഗത മന്ത്രാലയവും ഉദ്ഘാടനത്തിന് മുമ്പ് ഈ പാത പരിശോധിച്ചിരുന്നോ എന്നും അദ്ദേഹം ചോദിച്ചു.
പ്രധാനമന്ത്രി സ്ഥലത്തെത്തിയിരുന്നെങ്കില്‍ പത്ത് മിനിറ്റിനകം വെള്ളക്കെട്ട് നീക്കുമായിരുന്നുവെന്ന് മറ്റൊരു യാത്രക്കാരനും അഭിപ്രായപ്പെട്ടു. യാത്രക്കാരുടെ പ്രതിഷേധത്തെത്തുടർന്ന് എൻ.എച്ച്.എ.ഐഉദ്യോഗസ്ഥർ സ്ഥലത്തെത്തി വെള്ളക്കെട്ട് പരിഹരിക്കാനുള്ള നടപടികളെടുത്തു.
മാര്‍ച്ച് 12-നാണ് ബെംഗളൂരു-മൈസൂരു അതിവേഗപാത പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്. എന്‍.എച്ച് 275-ന്റെ ഭാഗമായി നിര്‍മിച്ച പാത സംസ്ഥാനത്തിന് വലിയ സാമ്പത്തിക മുന്നേറ്റമുണ്ടാക്കാനാകുമെന്നാണ് കരുതുന്നത്.
ഉയർന്ന ടോൾ ഫീസ്, മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം എന്നിവയുൾപ്പെടെ നിരവധി വിഷയങ്ങൾ ചൂണ്ടിക്കാട്ടി ഉദ്ഘാടനത്തിന് പിന്നാലെ പ്രതിപക്ഷ പാര്‍ട്ടികളും മറ്റ് സംഘടനകളും രം​ഗത്തെത്തിയിരുന്നു.

Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!