വിവരാവകാശം: വിവരം നൽകാത്ത കണ്ണൂരിലെ എയ്ഡഡ് സ്കൂളിന് കാൽ ലക്ഷം പിഴ

കണ്ണൂർ: വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയിൽ ആവശ്യപ്പെട്ട വിവരങ്ങൾ നൽകാതിരുന്നതിന് എയ്ഡഡ് സ്കൂളിന് 25,000 രൂപ പിഴ. കണ്ണൂർ സെന്റ് തെരേസാസ് സ്കൂൾ മുൻ ഹെഡ്മിസ്ട്രസിനെതിരെയാണ് വിവരാവകാശ കമീഷന്റെ നടപടി.
2016ൽ സ്കൂളിൽ ഒന്നാം ക്ലാസിൽ പ്രവേശനം നൽകിയ കുട്ടികളുടെ എണ്ണവും വിശദവിവരങ്ങളും ആവശ്യപ്പെട്ട് കണ്ണൂർ സ്വദേശി ബിജു സന്തോഷ് നൽകിയ അപ്പീലിൽ വിവരാവകാശ കമീഷണർ ഡോ. കെ.എൽ. വിവേകാനന്ദനാണ് പിഴ വിധിച്ചത്.
മകൾക്ക് ഒന്നാം ക്ലാസ് പ്രവേശനം തേടി സ്കൂൾ അധികൃതരെ സമീപിച്ച ബിജു സന്തോഷിനോട് ഹെഡ്മിസ്ട്രസ് അടക്കമുള്ള സ്കൂൾ അധികൃതർ പ്രവേശനം നൽകാൻ കഴിയില്ലെന്നു പറയുകയും മോശമായി സംസാരിക്കുകയും ചെയ്തു എന്നതാണ് പരാതി. 2017 ഏപ്രിൽ എട്ടിനാണ് സ്കൂളിൽ വിവരാവകാശ അപേക്ഷ നൽകിയത്.
ഒരു മാസത്തിനു ശേഷവും വിവരങ്ങൾ ലഭിക്കാതിരുന്നതിനെ തുടർന്ന് കണ്ണൂർ ഡി.ഇ.ഒക്ക് അപ്പീൽ നൽകി. സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടി വിവരങ്ങൾ നൽകാനാവില്ല എന്ന മറുപടിയാണ് ഡി.ഇ.ഒ നൽകിയത്.
ഇതിനെതിരെ കമീഷനിൽ സമർപ്പിച്ച അപ്പീലിലാണ് സ്കൂൾ ഹെഡ്മിസ്ട്രസ് ആയിരുന്ന സിസ്റ്റർ വി.കെ. മോളിയെ കമീഷൻ ശിക്ഷിച്ചത്.
എയ്ഡഡ് സ്കൂളുകളിൽ മാനേജ്മെന്റ് ക്വോട്ട കഴിച്ചുള്ള സീറ്റുകളിൽ പ്രവേശനം സുതാര്യമായാണ് നടത്തേണ്ടതെന്നും ഇതുസംബന്ധിച്ച വിവരങ്ങൾ വിവരാവകാശ നിയമപ്രകാരം ലഭ്യമാക്കേണ്ടതാണെന്നും കമീഷൻ നിരീക്ഷിച്ചു. സിസ്റ്റർ വി.കെ. മോളി 25,000 രൂപ ട്രഷറിയിൽ അടച്ചു ചെലാൻ രസീത് കമീഷനിൽ ഹാജരാക്കി.