ലഹരി ഉപയോഗത്തെ തുടര്‍ന്ന് പ്രണയത്തില്‍ നിന്ന് പിന്‍മാറ്റം; യുവതിയെ വെട്ടിക്കൊന്നു

Share our post

ചെന്നൈ: പ്രണയത്തിൽനിന്ന് പിന്മാറിയതിൽ പ്രകോപിതനായ യുവാവ് നഴ്‌സിങ് വിദ്യാർഥിനിയെ വെട്ടിക്കൊന്നു. ചെന്നൈയിൽ നഴ്‌സിങ് വിദ്യാർഥിനിയായ ധരണി(19)യാണ് വിഴുപുരം വക്രവാണ്ടിയിലെ വീട്ടിൽ കൊല്ലപ്പെട്ടത്. വിഴുപുരം സ്വദേശി ഗണേശനാണ് (25) വെള്ളിയാഴ്ച രാവിലെ ആറോടെ യുവതിയെ വെട്ടിക്കൊന്നത്.

ധരണി ശൗചാലയത്തിൽനിന്ന് പുറത്തേക്കുവരുമ്പോൾ സമീപത്ത് മറഞ്ഞുനിന്ന് ഗണേശൻ വെട്ടുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇയാൾ ഓടിരക്ഷപ്പെട്ടെങ്കിലും പോലീസ് പിടികൂടി.

ചെന്നൈ കെ.കെ. റോഡിലുള്ള സ്വകാര്യ നഴ്‌സിങ് കോളേജിൽ ഒന്നാംവർഷ വിദ്യാർഥിനിയായ ധരണി ഗണേശനുമായി മൂന്നുവർഷമായി പ്രണയത്തിലായിരുന്നു.

എന്നാൽ, ​ഗണേശൻ ലഹരിയ്ക്കടിമയാണെന്ന് തിരിച്ചറിഞ്ഞ യുവതി കഴിഞ്ഞ ഏതാനും മാസങ്ങളായി ഇയാളുമായി അകൽച്ചയിലായിരുന്നു. ഇതിലുള്ള വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ നിഗമനം.

ഫെബ്രുവരിയിൽ ലീവിനെത്തിയ ധരണിയെ കാണാൻ ​ഗണേശൻ പലതവണ ശ്രമിച്ചെങ്കിലും നടന്നില്ല. വ്യാഴാഴ്ച രാത്രി ഫോണിൽ വിളിച്ചപ്പോൾ താൻ ചെന്നെെയിലേക്ക് പോയതായി യുവതി അറിയിച്ചു. എന്നാൽ ഇത് കള്ളമാണെന്ന് തിരിച്ചറിഞ്ഞതിൽ പ്രതി പ്രകോപിതനായിരുന്നു.

കത്തി ഉപയോഗിച്ച് പലതവണ വെട്ടിയതിനാൽ സംഭവസ്ഥലത്തുതന്നെ ധരണി മരിച്ചെന്ന് പോലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി വിഴുപുരം മെഡിക്കൽ കോളേജ് ആസ്പത്രിയിലേക്ക് മാറ്റി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!