കത്തുന്ന വേനലിലും കണ്ണിനും മനസ്സിനും കുളിർമയായി കോട്ടയം ചിറ

കൂത്തുപറമ്പ് : കൊടിയ വേനലിലും കോട്ടയം ചിറ ജലസമൃദ്ധിയുടെ അക്ഷയഖനിയാണ്. പഴമക്കാരുടെ മനസ്സിൽ ആമ്പലും താമരയും പൂത്ത് മത്സ്യ സമ്പത്തുകൾ നിറഞ്ഞ് ജലസമൃദ്ധിയിലായിരുന്നു ചിറ.
പിന്നീട് മലിനജലവും മാലിന്യവും ഒഴുകി നിറഞ്ഞ് പായലും ജലസസ്യങ്ങളും വളർന്ന് ചിറ വിസ്മൃതമായി. കെ.പി.മോഹനൻ കൃഷി മന്ത്രിയായപ്പോഴാണ് ജലാശയ വീണ്ടെടുപ്പിന് നടപ്പാക്കിയ സഹസ്ര സരോവർ പദ്ധതിയുടെ സംസ്ഥാന തല പ്രവൃത്തി ഉദ്ഘാടനം 2011ൽ ഇവിടെ നടന്നത്.
4 കോടിയിലേറെ രൂപ ചെലവിൽ ഈ ജലസമൃദ്ധി തിരിച്ച് പിടിച്ചപ്പോൾ അത് ഒരു നാടിന്റെ കുടിവെള്ള സ്രോതസ്സായി മാറി. വീണ്ടും ഒരു ജലദിനം കടന്ന് വരുമ്പോൾ 12 ഏക്കറിൽ പരന്ന് കിടക്കുന്ന ഈ ജലാശയം നാടിന്റെ കരുതിവയ്പായി നിലനിർത്താൻ ആവശ്യമായ ഇടപെടൽ നടത്തേണ്ടതുണ്ട്.
ഈ കൊടിയ വേനലിലും ജലസമൃദ്ധമാണ് ജില്ലയിലെ തന്നെ ഏറ്റവും വലിയ ഈ ജലാശയം. പരിസരങ്ങളിലെല്ലാം കിണറുകൾ സുരക്ഷിതവും ജലസുഭിക്ഷവുമാണ്. പരിചരണ കുറവിനാൽ നടവഴികൾ കാടുകയറിയിട്ടുണ്ട്.
ചുറ്റും വച്ചുപിടിപ്പിച്ച ഔഷധസസ്യങ്ങൾ നശിച്ചു. വളർന്ന് പൊന്തിയ ചെടികൾ വള്ളിപ്പടർപ്പുകൾ നിറഞ്ഞ് മൂടിയ നിലയിലാണ്. സൗന്ദര്യവൽക്കരണവും തുടർ പരിചരണവും ഉണ്ടായാലേ ഈ വീണ്ടെടുപ്പ് പൂർണമാകൂ.