മൈക്രോസോഫ്റ്റ് ബിങ് സെര്‍ച്ച് എഞ്ചിനില്‍ AI ചാറ്റ് ചെയ്യാന്‍ ഇനി കാത്തിരിക്കേണ്ട

ഓപ്പണ്‍ എ.ഐയുടെ ഏറ്റവും പുതിയ ലാംഗ്വേജ് മോഡലായ ജി.പി.ടി-4 പുതിയ ബിങ് സെര്‍ച്ച് എഞ്ചിനില്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് മൈക്രോസോഫ്റ്റ് സ്ഥിരീകരിച്ചിട്ടുണ്ട്. തുടക്കത്തില്‍ ബിങിലെ ചാറ്റ്‌ബോട്ട് സേവനം ഉപയോഗിക്കണമെങ്കില്‍ ലോഗിന്‍ ചെയ്ത് കാത്തിരിക്കേണ്ടിയിരുന്നു.
എന്നാല്‍ ഇപ്പോള്‍ അതിന്റെ ആവശ്യമില്ല. ലോഗിന്‍ ചെയ്ത് ഉടന്‍ തന്നെ ചാറ്റ് ബോട്ട് സേവനം ലഭ്യമാവുന്നതാണ്. മൈക്രോസോഫ്റ്റിന്റെ എഡ്ജ് ബ്രൗസറിലും പുതിയ ബിങ് മൊബൈല്‍ ആപ്പിലും ഈ സേവനം ഉപയോഗിക്കാം.
എങ്ങനെ ഇത് ഉപയോഗിക്കാം?
സ്മാര്‍ട്‌ഫോണിലും കംപ്യൂട്ടറിലും പുതിയ ബിങ് ഉപയോഗിക്കാനാവും. മൊബൈല്‍ ആപ്പ് സ്റ്റോറില്‍ നിന്ന് ബിങ് ബ്രൗസര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. അല്ലെങ്കില്‍ മൈക്രോസോഫ്റ്റ് എഡ്ജ് ബ്രൗസറില്‍ bing.com/new എന്ന യു.ആര്‍.എല്‍ തുറന്ന് മൈക്രോസോഫ്റ്റ് അക്കൗണ്ട് ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക.
ഉടന്‍ ചന്നെ ജി.പി.ടി4 അടിസ്ഥാനമാക്കിയുള്ള ബിങ് ചാറ്റ് ഫീച്ചര്‍ ഉപയോഗിച്ച് തുടങ്ങാം. മറ്റ് ബ്രൗസറുകളില്‍ ഇത് ഉപയോഗിക്കാനാവില്ല. എന്നാല്‍ താമസിയാതെ മറ്റുള്ള ബ്രൗസറുകളിലും ഇത് ലഭ്യമാകും.
വിന്‍ഡോസ്, മാക് ഓഎസ്, ആന്‍ഡ്രോയിഡ്, ഐഓഎസ് ഉപകരണങ്ങളില്‍ പുതിയ ബിങ് ഉപയോഗിക്കാം.
ബിങ് ചാറ്റിന്റെ വരവും ചാറ്റ് ജിപിടിയുടെ ഖ്യാതിയും ബിങ് ചാറ്റിന്റെ ദൈനംദിന ഉപഭോഗത്തില്‍ വര്‍ധനവുണ്ടാക്കിയിട്ടുണ്ട്. അടുത്തിടെ ബിങിന് 10 കോടി ദൈനംദിന ഉപഭോക്താകളെ കിട്ടിയതായി കമ്പനി പ്രഖ്യാപിച്ചിരുന്നു.
അതേസമയം എ.ഐ പിന്തുണയോടെയുള്ള മൈക്രോസോഫ്റ്റ് 365 കോപൈലറ്റ് സേവനം കമ്പനി പ്രഖ്യാപിച്ചു. ദൈനംദിന ഓഫീസ് ജോലികള്‍ സുഗമമാക്കുന്നതിനായി എഐ പിന്തുണയോടെയുള്ള സൗകര്യങ്ങളാണ് മൈക്രോസോഫ്റ്റ് ഒരുക്കിയിരിക്കുന്നത്.