യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ഈ സ്റ്റേഷനുകളിൽ ആവശ്യത്തിന് ടിക്കറ്റ് കൗണ്ടറുകളില്ല!

Share our post

കണ്ണൂർ : ജില്ലയിലെ 3 പ്രധാന റെയിൽവേ സ്റ്റേഷനുകളിലും ആവശ്യത്തിന് ടിക്കറ്റ് കൗണ്ടറുകൾ പ്രവർത്തിപ്പിക്കാതെ റെയിൽവേ അധികൃതർ. ടിക്കറ്റിനായി പരക്കം പായേണ്ട ഗതികേടിലാണു യാത്രക്കാർ. തിരക്കേറെയുള്ള ദിവസങ്ങളിൽ പോലും ടിക്കറ്റ് കൗണ്ടറുകൾ ആവശ്യാനുസരണം തുറക്കാൻ നടപടിയില്ല. കണ്ണൂർ, പയ്യന്നൂർ, തലശ്ശേരി റെയിൽവേ സ്റ്റേഷനുകളിലെത്തുന്ന യാത്രക്കാർക്കാണ് ഈ ദുര്യോഗം. കണ്ണൂരിൽ ഞായറാഴ്ച രാത്രി യാത്രക്കാരുടെ പ്രതിഷേധത്തെ തുടർന്ന് ആർ.പി.എഫിനും റെയിൽവേ പൊലീസിനും ഇടപെടേണ്ടി വന്നിരുന്നു. ‍

കണ്ണൂർ

കഴിഞ്ഞ ദിവസം രാത്രി പ്രവർത്തിച്ചത് ഒരു ടിക്കറ്റ് കൗണ്ടർ മാത്രം. തിരക്ക് വർധിച്ചിട്ടും കൗണ്ടറുകളുടെ എണ്ണം കൂട്ടാനോ ജീവനക്കാരെ നിയോഗിക്കാനോ റെയിൽവേ തയാറാകാത്തതിനെ തുടർന്നു യാത്രക്കാരിൽ നിന്നു കടുത്ത പ്രതിഷേധമുണ്ടായി. യഥാസമയം ടിക്കറ്റ് ലഭിക്കാത്തതിനാൽ പലർക്കും ട്രെയിനിൽ കയറാനായില്ല.

കിഴക്കേ കവാടം ഉൾപ്പെടെ 4 ജനറൽ ടിക്കറ്റ് കൗണ്ടർ ഉണ്ടായിരുന്ന കണ്ണൂരിൽ ഇപ്പോൾ കൗണ്ടറുകളുടെ എണ്ണം രണ്ടായി കുറച്ചു. കിഴക്കേ കവാടത്തെ റെയിൽവേയുടെ ഔദ്യോഗിക കൗണ്ടർ ഇപ്പോഴില്ല. എടിവിഎം (ഓട്ടമാറ്റിക് ടിക്കറ്റ് വെൻഡിങ് മെഷീൻ) കൗണ്ടർ മാത്രമേ കിഴക്കേ കവാടത്തിൽ ഇപ്പോഴുള്ളു. ഇവിടെ ജനറൽ ടിക്കറ്റ് കൗണ്ടർ പുനരാരംഭിക്കണമെന്നാണു യാത്രക്കാരുടെ ആവശ്യം.

മുഖ്യ കവാടത്തിലെ കൗണ്ടറിൽ യാത്രക്കാരുടെ നീണ്ട ക്യൂവാണ് എപ്പോഴും. ഇവിടെയാണെങ്കിൽ എല്ലാ സമയത്തും ടിക്കറ്റ് നൽകാൻ ആളുമില്ല. പുലർച്ചെയുള്ള ട്രെയിനിൽ കയറാനായി വലിയ തിരക്കാണ് സ്റ്റേഷനിൽ. മതിയായ ടിക്കറ്റ് കൗണ്ടർ ഇല്ലാത്തതിനാൽ ടിക്കറ്റ് കിട്ടാനായി ഏറെനേരം കാത്തിരിക്കേണ്ട സ്ഥിതിയാണ് ഇവിടെ. ക്യൂവിൽ നിന്നു മടുത്ത യാത്രക്കാർ പ്രതിഷേധമുയർത്തുന്നതും സ്ഥിരം കാഴ്ചയാണ്.

പയ്യന്നൂർ

ഒരു ടിക്കറ്റ് കൗണ്ടർ മാത്രമാണുള്ളത്. നേരത്തെ 2 കൗണ്ടർ പ്രവർത്തിച്ചിരുന്നു. ഇപ്പോൾ പ്രവർത്തിക്കുന്ന കൗണ്ടറിലെ പകൽ സമയത്തുള്ള ഷിഫ്റ്റ് സ്വകാര്യ ഏജൻസിയാണ് പ്രവർത്തിപ്പിക്കുന്നത്. പകൽ ഷിഫ്റ്റ് സ്വകാര്യ ഏജൻസിക്കു നൽകിയ സാഹചര്യത്തിൽ കൗണ്ടറിന്റെ എണ്ണം വർധിപ്പിക്കണമെന്ന ആവശ്യം യാത്രക്കാർ ഉയർത്തുന്നുണ്ടെങ്കിലും നടപടിയില്ല. ഈ കൗണ്ടർ കൂടാതെ പുറത്ത് ഒരു മെഷീൻ പ്രവർത്തിപ്പിച്ച് ടിക്കറ്റ് നൽകുന്നുണ്ട്. ഒരു മെഷീൻ ഇവിടെ കൊണ്ടു വച്ചിട്ടു മാസങ്ങളായെങ്കിലും പ്രവർത്തനം തുടങ്ങിയില്ല. രണ്ടാം നമ്പർ പ്ലാറ്റ്ഫോമിൽ ഒരു മെഷീൻ അനുവദിച്ചിട്ടുണ്ടെന്ന് ഒരു വർഷം മുൻപു പറഞ്ഞുവെങ്കിലും യാഥാർഥ്യമായില്ല.

തലശ്ശേരി

രണ്ടാം പ്ലാറ്റ്ഫോമിൽ രാവിലെ 6നു മുൻപും രാത്രി 9നു ശേഷവും ടിക്കറ്റ് കൗണ്ടർ പ്രവർത്തിക്കാത്തതു യാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. കോഴിക്കോട് ഭാഗത്തേക്കു പുലർച്ചെയുള്ള എക്സിക്യൂട്ടിവ് ട്രെയിനിൽ കയറേണ്ടവർ, ഒന്നാം പ്ലാറ്റ്ഫോമിലെത്തി ടിക്കറ്റെടുത്ത ശേഷം വീണ്ടും രണ്ടാം പ്ലാറ്റ്ഫോമിലെത്തി വേണം ട്രെയിനിൽ കയറാൻ. രാത്രിയിലും ഇടയ്ക്ക് ഇതു പ്രശ്നമുണ്ടാക്കാറുണ്ട്. രണ്ടാം പ്ലാറ്റ്ഫോമിലെ റെയിൽവേ കൗണ്ടറിലും വെൻഡിങ് മെഷീനിലും രാവിലെ 6നു ശേഷം മാത്രമാണ് ടിക്കറ്റ് വിതരണത്തിന് ആളുണ്ടാവുക.

റെയിൽവേ അധികൃതരുടെ നിരുത്തരവാദിത്ത പരമായ സമീപനം അനുവദിക്കാനാകില്ല. യാത്രക്കാർ ഏറെയുള്ള കണ്ണൂർ സ്റ്റേഷനിൽ ടിക്കറ്റ് നൽകാൻ ആവശ്യത്തിന് കൗണ്ടറുകൾ തുറന്നു പ്രവർത്തിക്കണം. മതിയായ ജീവനക്കാരേയും നിയോഗിക്കണം. അധികൃതരുടെ അനാസ്ഥ കാരണം യാത്രക്കാർക്കു പ്രയാസം ഉണ്ടാകാൻ പാടില്ല.
(റഷീദ് കവ്വായി, ഡിവിഷനൽ റെയിൽവേ കൺസൾട്ടേറ്റീവ് കമ്മിറ്റി അംഗം)

ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ട്രെയിൻ ടിക്കറ്റ് എടുക്കാൻ സാധിക്കും. ഇതിനായി റെയിൽവേ സ്റ്റേഷൻ ടിക്കറ്റ് കൗണ്ടറിനു സമീപത്തു ഹെൽപ് ഡെസ്ക് സജ്ജമാക്കിയിട്ടുണ്ട്. യാത്രക്കാർക്ക് ഈ സേവനം ഉപയോഗപ്പെടുത്താം. സ്റ്റേഷനിൽ 5 യുടിഎസ് ‍സേവന കേന്ദ്രം ആരംഭിക്കുന്നുണ്ട്.
(എസ്.സജിത്ത് കുമാർ, സ്റ്റേഷൻ മാനേജർ, കണ്ണൂർ റെയിൽവേ സ്റ്റേഷൻ)


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!