ഉളിയിൽ – തില്ലങ്കേരി അഞ്ചു കിലോ മീറ്റർ റോഡ് പണി അഞ്ചു വർഷമായിട്ടും പൂർത്തിയായില്ല

Share our post

ഇരിട്ടി: ഉളിയിൽ – തില്ലങ്കേരി 5 കിലോമീറ്റർ റോഡിന്റെ മെക്കാഡം ടാറിങ് പണി 5 വർഷം പിന്നിട്ടിട്ടും പൂർത്തീകരിക്കാത്ത കെടുകാര്യസ്ഥതയുടെ ദുരിതം പേറുകയാണ് പ്രദേശവാസികൾ.

കണ്ണൂർ വിമാനത്താവളത്തിലേക്ക് വയനാട് ജില്ലയിലും കൊട്ടിയൂർ, കേളകം, കണിച്ചാർ, പേരാവൂർ, മുഴക്കുന്ന് പഞ്ചായത്തുകളിലും ഉള്ളവർക്കു ഇരിട്ടിയിൽ പോകാതെ എളുപ്പവഴി ഒരുക്കാനും കൂടി ലക്ഷ്യമിട്ട റോഡ് നവീകരണമാണു ഇഴയുന്നത്. ആദ്യ കരാറുകാരൻ പണി പൂർത്തിയാക്കാത്ത സാഹചര്യത്തിൽ 6 മാസം മുൻപ് അവശേഷിച്ച പ്രവ‍ൃത്തികൾക്ക് 1.6 കോടി രൂപയുടെ റീടെൻഡർ വിളിച്ചിട്ടും പണി പുനരാരംഭിച്ചിട്ടില്ല.

മുൻ വ്യവസായ മന്ത്രി ഇ.പി.ജയരാജന്റെ ശ്രമഫലമായി 5 കോടി രൂപ അനുവദിച്ചാണു 5 വർഷം മുൻപ് ആദ്യം റോഡ് നവീകരണം തുടങ്ങിയത്. 10 മീറ്റർ വീതിയിൽ ഉള്ള റോഡിൽ 5.5 മീറ്റർ ടാറിങ്ങോടെയാണ് നവീകരണം. 6 ഓവുപാലങ്ങളും ഒരു വലിയ പാലവും പണിതു ബിറ്റുമിൻ മെക്കാഡം ടാറിങ്ങും നടത്തിയെങ്കിലും ബിറ്റുമിൻ കോൺക്രീറ്റും (2–ാം ഘട്ട ടാറിങ്) ഓവുചാലൂകളുടെ പണിയും പൂർത്തീകരിച്ചില്ല.

ആദ്യഘട്ടത്തിൽ നടത്തിയ ടാറിങ് തെക്കംപൊയിൽ, വാഴക്കാൽ, ചാളപ്പറമ്പ് എന്നിവിടങ്ങളിൽ പൊളിഞ്ഞു. ബിറ്റുമിൻ കോൺക്രീറ്റ് നടത്താത്തതാണു തകർച്ച വേഗത്തിലാക്കിയത്.

3 വർഷം മുൻപ് പ്രളയത്തിലും ചില ഭാഗങ്ങൾ തകർന്ന ഭാഗങ്ങൾ തകർന്നു2018ൽ പൂർത്തിയാക്കേണ്ട റോഡ് നവീകരണം പാതിവഴിക്ക് നിലച്ചതിനു എതിരെ നാട്ടുകാരും ജനപ്രതിനിധികളും പരാതികൾ നൽകിയതിനെ തുടർന്നാണ് ആദ്യ കരാറുകാരനെ പിരിച്ചു വിട്ടു റീടെൻഡർ വിളിച്ചത്.

കഴിഞ്ഞ നവംബറിൽ 2 –ാമത് കരാർ എടുത്തയാൾ റോഡിന്റെ ലവൽസ് എടുത്തു പണി ഉടൻ ആരംഭിക്കുമെന്ന സൂചനയും നൽകിയെങ്കിലും തുടർ നടപടി ഉണ്ടായില്ല.

റോഡ് പണി തുടങ്ങുന്നതിനായി സമര പരമ്പര

2 കരാർ വിളിച്ചിട്ടും റോഡ് പണി നടത്താത്ത അവഗണനയിൽ പ്രതിഷേധിച്ച് തുടർച്ചയായ സമരങ്ങളും ആയി കോൺഗ്രസ്. തില്ലങ്കേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ 2 ദിവസങ്ങളിൽ രാത്രി ഉളിയിൽ മുതൽ തില്ലങ്കേരി വരെ 5 കിലോമീറ്റർ ദൂരത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി.

2–ാം ഘട്ടമായി അടുത്ത ദിവസം തില്ലങ്കേരിയിലും ഉളിയിലും പ്രതിഷേധ കൂട്ടായ്മ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. പന്തം കൊളുത്തി പ്രകടനങ്ങൾക്ക് മണ്ഡലം പ്രസിഡന്റ് കെ.പി.പത്മനാഭൻ, വി.മോഹനൻ, യു.സി.നാരായണൻ, പി.വി.സുരേന്ദ്രൻ, രാകേഷ് തില്ലങ്കേരി, ജിബിൻ കുന്നുമ്മൽ എന്നിവർ നേതൃത്വം നൽകി.

ഉടൻ പണി തുടങ്ങും

റീടെൻഡർ ഉറപ്പിച്ചത് 35 ശതമാനം അധികം തുകയ്ക്കാണ്. ചീഫ് എൻജിനീയർ തലത്തിൽ നടപടിക്രമങ്ങൾ പൂർത്തീകരിച്ചിട്ടുണ്ട്. ഇതിനിടെ നേരത്തേ നടത്തിയിടത്തു ഉൾപ്പെടെ റോഡ് പുനർനിർമിക്കേണ്ടതിനാൽ റിവൈസ്‍ഡ് എസ്റ്റിമേറ്റ് എടുക്കേണ്ടി വന്നു.

കരാർ തുകയിൽ മാറ്റം വരുത്താതെ തന്നെ റിവൈസ്ഡ് എസ്റ്റിമേറ്റും സമർപ്പിച്ചു കഴിഞ്ഞു. ഇക്കാര്യങ്ങൾ‌ക്കു വേണ്ടി വന്ന കാലതാമസമാണുണ്ടായത്. മറ്റു തടസ്സങ്ങൾ ഇല്ല. ഉടൻ പണി തുടങ്ങും.- കെ.പി.പ്രദീപൻ, അസിസ്റ്റന്റ് എൻജിനീയർ, മരാമത്ത് ഇരിട്ടി സെക്‌ഷൻ


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!