ബീഹാറിലെ ലിച്ചി തോട്ടങ്ങളിൽ നിന്ന് ഒരു ലക്ഷം കിലോ തേൻ കണ്ണൂരിലേക്ക്

ശ്രീകണ്ഠപുരം: ബീഹാറിൽ നിന്നു 1 ലക്ഷം കിലോ ലിച്ചി തേൻ കണ്ണൂർ ജില്ലയിലേക്ക്. വളക്കൈയിലെ മലബാർ ഹണി പാർക്കിന്റെ സംഭരണ സൊസൈറ്റികളിലേക്കാണ് ലിച്ചി തേൻ എത്തുന്നത്. ബീഹാറിൽ മാർച്ച് മാസം ലിച്ചി പൂക്കുന്ന കാലമാണ്.
മാർച്ചിലെ 20 ദിവസമാണ് ഇവിടെ നിന്ന് ലിച്ചി തേൻ ശേഖരിക്കുന്നത്. ബിഹാറിൽ 7 ജില്ലകളിൽ നിറയെ ലിച്ചിതോട്ടമാണ്. ഇവിടെ 30 ലക്ഷം തേനീച്ച പെട്ടികളെങ്കിലും ഉണ്ട്. വളക്കൈ മലബാർ ഹണി പാർക്കും അവിടത്തെ തേനീച്ച കർഷകരുടെ സഹായത്തോടെ ലിച്ചി തോട്ടങ്ങളിൽ പെട്ടികൾ സ്ഥാപിച്ചിട്ടുണ്ട്.
അവിടെ 1 പെട്ടിയിൽ നിന്ന് 25 കിലോ തേൻ കിട്ടും. ഈമാസം അവസാനം 1 ലക്ഷം കിലോ ലിച്ചി തേൻ 5 കണ്ടെയിനറുകളിലാക്കിയാണ് വളക്കൈയിൽഎത്തിക്കുക. ലിച്ചിതോട്ടങ്ങളിലെ തേനിനു പുറമേ പുറമെ കരഞ്ച്, ബെറി, സൂര്യകാന്തി, മല്ലി, കടുക്, മുരിങ്ങ, ഞാവൽ, തുളസി എന്നിങ്ങനെയുള്ള തേൻ വൈവിധ്യങ്ങളും വളക്കൈയിൽ എത്തുന്നുണ്ട്.
ഉത്തർ പ്രദേശ്,ജാർഖണ്ഡ്,പശ്ചിമ ബംഗാൾ, ബിഹാർ. ആന്ധ്ര, കർണാടകം, തമിഴ്നാട്, പഞ്ചാബ്, കേരളം എന്നീ സംസ്ഥാനങ്ങളിൽ നിന്നായി ഓരോ വർഷവും 5 ലക്ഷം കിലോ തേൻ ഇവിടെ സംഭരിക്കുന്നുണ്ട്.
1996ലാണ് കണ്ണൂർ റൂറൽ ഡവലപ്മെന്റ് സൊസൈറ്റിയുടെ കീഴിൽ ഇവർ തേൻ സംഭരണം ആരംഭിച്ചത്. 2008ലായിരുന്നു തേൻവിൽപനയും, തേനീച്ച കൃഷിയും പ്രോൽസാഹിപ്പിക്കാനായി മലബാർ ഹണി പാർക്ക് തുടങ്ങിയത്.
ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും ഇവർ തേനീച്ച കൃഷിയിൽ കർഷകർക്ക് പരിശീലനം നൽകുന്നുണ്ട്.40 ലേറെ പേർക്ക് തൊഴിൽ നൽകുന്ന സംരംഭത്തിൽ നിന്ന് ഓരോ വർഷവും 50000 കിലോ തേൻ വിദേശത്തേക്ക് പോലും കയറ്റുമതി ചെയ്യുന്നുണ്ട്.