കിണറോ…? എത്രെയെണ്ണം വേണം, ഇപ്പൊ കുഴിച്ചുതരാം; പെണ്‍കരുത്തില്‍ ഒരുവാര്‍ഡില്‍ 42 കിണറുകള്‍

Share our post

കരിമണ്ണൂർ : സ്‍ത്രീകള്‍ എങ്ങനെ കിണര്‍കുഴിക്കും. ഇങ്ങനെ ചിന്തിച്ചവര്‍ അല്‍പം മാറിനില്‍ക്കണം. തൊടുപുഴ കോടിക്കുളം പഞ്ചായത്ത് കൊടുവേലി വാര്‍ഡിലെ സ്‍ത്രീ തൊഴിലാളികള്‍ കിണര്‍ കുഴിയില്‍ പുതുചരിതമെഴുതി മുന്നോട്ടാണ്. ഒന്നും രണ്ടുമല്ല, 42 കിണറുകളാണ് പെണ്‍കരുത്തില്‍ പൂര്‍ത്തിയായത്.

വാർഡിൽ 60 പേരാണ്‌ തൊഴിലുറപ്പ്‌ പദ്ധതിയിൽ രജിസ്‌റ്റർചെയ്‌തിട്ടുള്ളത്‌. ഇതിൽ 25 പേരാണ് തൊഴിലിനുപോകുന്നവര്‍. കിണർ കുഴിക്കാൻ ആറുപേർ വീതമുള്ള മൂന്ന്‌ ടീമുകളുണ്ട്.

ഒരുദിവസം ആറുപേര്‍ ചേര്‍ന്ന് ഒരു കോല്‍വരെ താഴ്‌ചയില്‍ മണ്ണെടുക്കും. 2.5 മീറ്ററാണ് വ്യാസം. കുഴിച്ചതില്‍ ഏറ്റവുമധികം താഴ്‌ചയുള്ള കിണർ 13.5 കോലും കുറഞ്ഞത്‌ ഏഴ്‌ കോലുമാണ്‌. വെള്ളം കിട്ടാത്തത് നാലുകിണറുകളില്‍മാത്രം.

കരിങ്കല്ലായതിനാൽ താഴ്‌ത്താൻ കഴിയാത്തതിനാലാണിത്. ചിലകിണറുകളുടെ ആഴങ്ങളിലെത്തുമ്പോൾ കരിങ്കല്ല്‌ കാണാറുണ്ട്‌. ഉടമ കല്ല്‌ പൊട്ടിച്ച്‌ കൊടുക്കാനുള്ള ഏർപ്പാട്‌ ചെയ്‌താൽ കിണറ്റിൽനിന്ന്‌ തൊഴിലാളികൾ അത്‌ കരയ്‌ക്കെത്തിക്കും.

രാവിലെ 8.30ന്‌ സൈറ്റിൽ എത്തിയാൽ ഒമ്പതോടെ പണികൾ ആരംഭിക്കും. വൈകിട്ട്‌ നാലേമുക്കൽവരെ പണിതുടരും. ഒരാൾക്ക്‌ ഒരുദിവസത്തെ പണിക്കൂലി 311രൂപ. കുഴിക്കുന്ന കിണറുകളിൽ വെള്ളംലഭിക്കുന്നത്‌ പറമ്പുടമയെപോലെ തന്നെ തൊഴിലാളികൾക്കും സന്തോഷമാണ്. മിക്കവാറും ഉടമകൾ കിണറ്റിൽ വെള്ളംകാണുന്നതോടെ ബിരിയാണി അടക്കമുള്ള ഭക്ഷണം വാങ്ങിനൽകാറുണ്ട്‌.

കിണർ മാത്രമല്ല മത്സ്യക്കുളവും വൃക്ഷത്തൈ നടുന്നതിനുള്ള കുഴികളും തൊഴിലുറപ്പ്‌ തൊഴിലാളികൾ നിർമിച്ചുനൽകുന്നു. ഷീബ തങ്കച്ചൻ, ലിസി ടോമി, ഡോളി ഷിജു, മിനി ബിജു എന്നിവരാണ്‌ മേറ്റുമാർ. ഇതിൽ ഡോളി ഷിജുവും മിനി ബിജുവും 100 തൊഴിൽദിനങ്ങൾ പൂർത്തിയാക്കിയവരാണ്‌. വേനൽ കനത്തതോടെ കിണർ കുഴിക്കുന്ന തൊഴിലുറപ്പ്‌ തൊഴിലാളികൾക്ക്‌ വിശ്രമരഹിത നാളുകളാണ്‌ കൊടുവേലി വാർഡിൽ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!