സാമൂഹിക മാധ്യമങ്ങളിലൂടെ കൊലവിളി, ഒളിവിലിരുന്നും വീഡിയോ; ഒടുവില്‍ തമന്നയെ പൂട്ടി പോലീസ്

കോയമ്പത്തൂര്‍: സാമൂഹികമാധ്യമങ്ങളില്‍ക്കൂടി കൊലവിളിനടത്തിയ യുവതിയെ പോലീസ് പിടികൂടി. വിരുതുനഗര്‍സ്വദേശി വിനോദിനിയെയാണ് (തമന്ന-23) രണ്ടാഴ്ചത്തെ തിരച്ചിലിനുശേഷം പോലീസ് പിടികൂടിയത്. ‘ഫ്രണ്ട്സ് കാള്‍ മീ തമന്ന’ എന്ന പേരില്‍ യുവാക്കള്‍ക്കിടയില്‍ സംഘര്‍ഷം വളര്‍ത്തുന്നരീതിയില്‍ വീഡിയോ ഇട്ടതിനാണ് അറസ്റ്റ്.
ഇവരുടെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഷണ്‍മുഖം ഒളിവിലാണ്. ഇയാള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. 2021-ല്‍ പീളമേട് സ്റ്റേഷന്‍പരിധിയില്‍ കഞ്ചാവ് വിറ്റതിന് അറസ്റ്റിലായി ജാമ്യത്തിലായിരുന്നു വിനോദിനി.
പിന്നീട് കോയമ്പത്തൂര്‍ നഗരത്തില്‍ ഗുണ്ടാസംഘങ്ങള്‍ക്കിടയില്‍ നടന്ന കൊലപാതകങ്ങള്‍ക്കുശേഷം ഗുണ്ടാ സംഘങ്ങളെയും സാമൂഹികമാധ്യമങ്ങളിലും മറ്റും സ്പര്‍ധവളര്‍ത്തുന്ന രീതിയില്‍ വീഡിയോ ഇടുന്നവരെയും പോലീസ് വ്യാപകമായി അറസ്റ്റ് ചെയ്തിരുന്നു.
കോടതിക്ക് സമീപം കൊല്ലപ്പെട്ട ഗുണ്ട ഗോകുല്‍, പ്രതി സൂര്യ എന്നിവരുമായി വിനോദിനിക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തിയതോടെയാണ് പോലീസ് അന്വേഷണം തുടങ്ങിയത്. ഗുണ്ടാ സംഘങ്ങള്‍ക്കിടയില്‍ സ്പര്‍ധവളര്‍ത്താന്‍ വിനോദിനി സാമൂഹികമാധ്യമം ഉപയോഗിച്ചതായി പോലീസ് കണ്ടെത്തിയതിനെത്തുടര്‍ന്ന് വാറന്റ് പുറപ്പെടുവിച്ചിരുന്നു. പോലീസ് അന്വേഷിക്കുന്നതറിഞ്ഞ് ഒളിവില്‍പ്പോയ വിനോദിനി പലയിടങ്ങളില്‍നിന്നും വീണ്ടും വീഡിയോ പുറത്തിറക്കി.
രണ്ടുവര്‍ഷംമുമ്പ്‌ചെയ്ത വീഡിയോ ആണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ക്കൂടി വരുന്നതെന്നും താന്‍ വിവാഹിതയായി ആറുമാസം ഗര്‍ഭിണിയാണെന്നും അറസ്റ്റ് ഒഴിവാക്കണമെന്നും തിങ്കളാഴ്ച ഇറക്കിയ വീഡിയോയില്‍ വിനോദിനി പറഞ്ഞിരുന്നു.
ഇതിനിടെ തിരുപ്പൂര്‍, വിരുതുനഗര്‍, സേലം എന്നിവിടങ്ങളില്‍ പ്രത്യേക അന്വേഷണസംഘം എത്തിയെങ്കിലും വിനോദിനിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല.
ബുധനാഴ്ചരാവിലെ സേലം സംഘഗിരിയില്‍ ഒളിവില്‍ താമസിക്കുന്നതിനിടെയാണ് വിനോദിനിയെ പോലീസ് പിടികൂടിയത്. കോയമ്പത്തൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ മെഡിക്കല്‍ പരിശോധനയ്ക്കുശേഷം കോടതിയില്‍ ഹാജരാക്കിയ വിനോദിനിയെ കോയമ്പത്തൂര്‍ സെന്‍ട്രല്‍ജയിലിലെ വനിതാജയിലില്‍ അടച്ചു.