പ്രധാനമന്ത്രി മാേദി ഉദ്ഘാടനം ചെയ്ത് ഒരാഴ്ച കഴിയുംമുമ്പ് ബംഗളുരു – മൈസൂരു എക്‌സ്‌പ്രസ് വേയിൽ കുഴികൾ, വൻ ഗതാഗതക്കുരുക്ക്, പ്രതിഷേധം ശക്തം

Share our post

മൈസൂരു‌: ഏറെ കൊട്ടിഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത ബംഗളുരു – മൈസൂരു എക്‌സ്‌പ്രസ് വേയിൽ കുഴികൾ രൂപപ്പെട്ടതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സംഭവം ബി ജെ പിക്കെതിരെ പരാമാവധി ഉപയോഗപ്പെടുത്താനാണ് കോൺഗ്രസ് നീക്കം.ബംഗളുരു – രാമനഗര അതിർത്തിയിലുള്ള ബിഡദി ബൈപ്പാസിന് സമീപത്താണ് കുഴികൾ രൂപപ്പെട്ടത്.

ഈ ഭാഗം ബാരിക്കേഡുകൾ വച്ച് കെട്ടിയടച്ചിരിക്കുകയാണ്. ഇതുമൂലം പ്രദേശത്ത് കനത്ത ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. കുഴിയടയ്ക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ.റോഡ് മുഴുവൻ പൂർത്തിയാക്കുന്നതിന് മുമ്പ് ഉദ്ഘാടനം നിർവഹിച്ചത് തിരഞ്ഞെടുപ്പ് മുന്നിൽകണ്ടെന്ന് ആരോപിച്ച് നേരത്തേതന്നെ കോൺഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

കഴിഞ്ഞദിവസംമുതൽ എക്‌സ്‌പ്രസ് വേയിൽ ടോൾ പിരിവ് തുടങ്ങിയിരുന്നു. ഇതിനെതിരെയും പ്രദേശവാസികളും കോൺഗ്രസ് പ്രവർത്തകരും ശക്തമായ പ്രതിഷേധമാണ് ഉയർത്തിയത്.നാഷണൽ ഹൈവേ അതോറിട്ടി ഒഫ് ഇന്ത്യ ടോൾ പിരിക്കാൻ അനുവാദം നൽകിയ ദിവസം തന്നെ കർണാടകയുടെ പൊതുഗതാഗത കമ്പനിയായ കെ.എസ്ആർ.ടി.സി ( കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ)​ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ചിരിക്കുകയാണ്.

ഈ പാതയിലൂടെ യാത്ര ചെയ്യുന്ന യാത്രക്കാരനിൽ നിന്നും 20 രൂപ വരെയാണ് ടിക്കറ്റ് ചാർജിൽ വർദ്ധനവ് ഏർപ്പെടുത്തിയത്.സരിഗെ ബസുകളിൽ 15 രൂപയും, രാജഹംസ ബസുകളിൽ 18 രൂപയും, മൾട്ടി ആക്സിൽ ബസുകളിൽ 20 രൂപയും അധികമായി വാങ്ങും. എക്സ്പ്രസ് വേയിൽ മാത്രം ഓടുന്ന ബസുകളിൽ യാത്ര ചെയ്യുന്ന യാത്രക്കാരിൽ നിന്ന് മാത്രമേ ഇത്തരത്തിൽ അധിക നിരക്ക് വാങ്ങുകയുള്ളു എന്ന് കെ .എസ്. ആർ .ടി .സി അറിയിച്ചിട്ടുണ്ട്.

കർണാകയിലെ പുതിയ എക്‌സ്‌പ്രസ് വേയിൽ രണ്ട് ടോൾ പ്ലാസകളാണുള്ളത്. ബസുകൾക്ക് 460 രൂപയാണ് ഒരു വശത്തേക്ക് ടോളായി വാങ്ങുന്നത്. 24 മണിക്കൂറിനുള്ളിൽ മടക്കയാത്ര ചെയ്താൽ 690 രൂപ മതിയാവും. ബസിന്റെ പ്രതിമാസ പാസിന് 15,325 രൂപയാണ് ഈടാക്കുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!