തലശ്ശേരി സ്റ്റേഷൻ റെയിൽവേ ഡിവിഷനൽ മാനേജർ സന്ദർശിച്ചു; ഇരു പ്ലാറ്റ്ഫോമുകളിലും 24 മണിക്കൂറും ടിക്കറ്റ് കൗണ്ടർ പ്രവർത്തിപ്പിക്കും

Share our post

തലശ്ശേരി: റെയിൽവേ സ്റ്റേഷനിൽ ഒരു റണ്ണിങ് ട്രാക്ക് കൂടി സ്ഥാപിക്കാൻ റെയിൽവേ ഉന്നത അധികൃതരുമായി ചർച്ച നടത്തി തീരുമാനം കൈക്കൊള്ളുമെന്ന് റെയിൽവേ ഡിവിഷനൽ മാനേജർ യശ്പാൽ സിങ് തോമർ അറിയിച്ചു. അമൃത് ഭാരത് പദ്ധതിയുമായി ബന്ധപ്പെട്ട് വികസന പ്രവർത്തനങ്ങൾ വിലയിരുത്താൻ എത്തിയതായിരുന്നു അദ്ദേഹം.

പുതിയ ബസ് സ്റ്റാൻഡിൽ നിന്ന് റെയിൽവേ സ്റ്റേഷനിലേക്ക് എളുപ്പത്തിൽ എത്താൻ റോഡിനായി സ്ഥലം ലഭ്യമാക്കുന്നതിന്റെ ഭാഗമായി സർവേ നടത്തും. റോഡ് നിർമാണത്തിന് റെയിൽവേ സ്ഥലം പാട്ടത്തിന് വിട്ടുനൽകാൻ തയാറാണ്. ഇതിനുള്ള തുക നഗരസഭ വഹിക്കണം. സ്വകാര്യ ഭൂമിയുണ്ടെങ്കിൽ നഗരസഭ അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കണം.

ഇരു പ്ലാറ്റ്ഫോമുകളിലും 24 മണിക്കൂറും ടിക്കറ്റ് കൗണ്ടർ പ്രവർത്തിപ്പിക്കാൻ നടപടിയെടുക്കും. രണ്ട് പ്ലാറ്റ്ഫോമുകളിലും സ്ത്രീകൾക്കും പുരുഷന്മാർക്കുമായി വെയിറ്റിങ് റൂം സ്ഥാപിക്കും. കുടിവെള്ള പ്രശ്നം പരിഹരിക്കാൻ കുഴൽകിണർ സ്ഥാപിക്കും. പ്ലാറ്റ്ഫോമിലെ മേൽക്കൂരയിലെ ചോർച്ച പരിഹരിക്കും. എസ്കലേറ്റർ പ്രവർത്തിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയപ്പോൾ അതെക്കുറിച്ചും അന്വേഷിച്ചു. ജനറേറ്റർ ഇല്ലെന്നായിരുന്നു ഉദ്യോഗസ്ഥരുടെ മറുപടി. എസ്കലേറ്റർ പ്രവർത്തിപ്പിക്കാൻ ഉടനെ നടപടിക്ക് നിർദേശം നൽകി. രണ്ട് പ്ലാറ്റുഫോമുകൾക്ക് പിറകിലും പാർക്കിങ് ഏരിയ വിപുലീകരിക്കും.

ടിക്കറ്റ് വെൻഡിങ് മെഷീനുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഐലന്റ് പ്ലാറ്റ്ഫോം സ്ഥാപിക്കുക, പുതിയ ബസ് സ്റ്റാൻഡിൽ നിന്ന് സ്റ്റേഷനിലേക്ക് റോഡ് തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഐ.എം.എ സംസ്ഥാന സമിതി അംഗം ഡോ. സി.കെ. രാജീവ് നമ്പ്യാർ, സെക്രട്ടറി നദീം അബൂട്ടി, സിറ്റിസൻസ് ഫോറം ചെയർമാൻ എ.പി. രവീന്ദ്രൻ, റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ സെക്രട്ടറി ശശികുമാർ കല്ലിഡുംബിൽ, വികസന വേദി പ്രസിഡന്റ് കെ.വി. ഗോകുൽദാസ്, ജനറൽ കൺവീനർ സജീവ് മാണിയത്ത് എന്നിവർ ഡിവിഷനൽ റെയിൽവേ മാനേജർക്ക് നിവേദനം നൽകി.

ജനങ്ങളുടെ ആവശ്യത്തോട് അനുകൂലമായാണ് അദ്ദേഹം പ്രതികരിച്ചത്. സ്റ്റേഷൻ മുഴുവൻ ചുറ്റിക്കണ്ടതിന് ശേഷമാണ് അദ്ദേഹം തലശ്ശേരി വിട്ടത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!