പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്; താലൂക്കാസ്പത്രി സേവനം മെച്ചപ്പെടുത്തും;’ജലാഞ്ജലി നീരുറവ്’ പദ്ധതിക്കും പ്രാധാന്യം

പേരാവൂർ: 54 കോടി 12 ലക്ഷം രൂപ വരവും 54 കോടി ഏഴ് ലക്ഷം രൂപ ചിലവും പ്രതീക്ഷിക്കുന്ന 2023-24 വർഷത്തെ പേരാവൂർ ബ്ലോക്ക് പഞ്ചായത്ത്ബജറ്റ് വൈസ്.പ്രസിഡന്റ് പ്രീത ദിനേശൻ അവതരിപ്പിച്ചു.
തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തി ജലാഞ്ജലി നീരുറവ് പദ്ധതി നടത്തിപ്പിന് 36 കോടി 41 ലക്ഷം രൂപയാണ് ബജറ്റിൽ വകയിരുത്തിയിട്ടുള്ളത്.ദുർബല ജനവിഭാഗത്തിന്റെആരോഗ്യ സംരക്ഷണം മുൻനിർത്തി പേരാവൂർ താലൂക്കാസ്പത്രിയിൽ മെച്ചപ്പെട്ട ചികിത്സാ സേവനം ലഭ്യമാക്കുന്നതിന്ഒരു കോടി 20 ലക്ഷം,ഭവനരഹിതർക്ക് ഭവന നിർമാണത്തിന് രണ്ട് കോടി 20 ലക്ഷം,കുടിവെള്ള വിതരണ പദ്ധതികൾക്ക് 58 ലക്ഷം എന്നിവയും ബജറ്റിലുണ്ട്.
പട്ടികവർഗ വിദ്യാർഥികളുടെ യാത്രാ പ്രശ്‌നം പരിഹരിക്കാൻ ഗോത്രസാരഥി പദ്ധതിക്ക് മൂന്ന് ലക്ഷം,പഠനമുറിക്ക് പത്ത് ലക്ഷം,കോളനികളിൽ നടപ്പാത നിർമാണത്തിന് 20 ലക്ഷം,പട്ടികവർഗ മേഖലയിൽ വികസന പ്രവർത്തനനങ്ങൾക്ക് ഒരു കോടി 83 ലക്ഷം രൂപ,കൊട്ടിയൂർ പി.എച്ച്.സി പുനരുദ്ധാരണത്തിന് 39 ലക്ഷം എന്നിവ ബജറ്റിൽ വകയിരുത്തി.
ഭക്ഷ്യക്ഷാമം കുറക്കാനും കർഷകരുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്താനും നെൽകൃഷി,കരനെൽ കൃഷി,കൈത്തോട് നിർമാണം എന്നിവക്ക് 14.5 ലക്ഷം,ദുർബല ജനവിഭാഗത്തിന് വിവിധ പദ്ധതികൾക്കായി 41 ലക്ഷം,വനിതാ വിഭാഗത്തിന് കോഫീ കിയോസ്‌ക്,വിപണന കേന്ദ്രം എന്നിവക്ക്18 ലക്ഷം,ശുചിത്വ ഫെൻസിംഗിന് 23 ലക്ഷം എന്നിവയും വകയിരുത്തിയിട്ടുണ്ട്.
മാലിന്യം പൊതു ഇടങ്ങളിൽ വലിച്ചെറിയുന്നത് തടയാൻ, ചലിക്കുന്ന നിരീക്ഷണ കാമറ സ്ഥാപിക്കാൻ അഞ്ച് ലക്ഷം,ക്ഷീര മേഖലക്ക്30 ലക്ഷം ,വിവിധ റോഡുകളുടെ നവീകരണത്തിന് ഒരു കോടി,വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിക്ക് ഒരു കോടി എന്നിവയും ബജറ്റിലുണ്ട്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരൻ അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് പ്രസിഡന്റുമാരായ പി.പി.വേണുഗോപാലൻ,എം.റിജി,ടി.ബിന്ദു,ജില്ലാ പഞ്ചായത്തംഗം ജൂബിലി ചാക്കോ,ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എ.ടി.കെ.മുഹമ്മദ്,ബൈജു വർഗീസ്,മൈഥിലി രമണൻ,പാൽ ഗോപാലൻ,ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ആർ.സജീവൻ എന്നിവർ സംസാരിച്ചു.