കുതിച്ചെത്തിയ മിനിലോറി,ശരവേഗത്തില്‍ സ്റ്റീല്‍ പൈപ്പുകള്‍;മരണമുഖത്തുനിന്ന് അത്ഭുത രക്ഷപ്പെടല്‍

കണ്ണൂര്‍: റോഡ് മുറുച്ചുകടക്കുന്നതിനിടെ യുവാവ് വാഹനാപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. കണ്ണൂര്‍ പള്ളിച്ചല്‍ ബസ് സ്റ്റോപ്പിന് സമീപം ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. സീബ്രാലൈനിലൂടെ റോഡ് മുറിച്ചുകടന്ന യുവാവാണ് മരണം മുന്നില്‍ കണ്ട് തലനാരിഴക്ക് രക്ഷപ്പെട്ടത്.
റോഡ് മുറിച്ചുകടന്ന യുവാവ് പകുതിയിലെത്തിയിരുന്നു. ഇതിനിടെയാണ് സ്റ്റീല്‍ പൈപ്പുകള്‍ മുകളില്‍ കെട്ടിവെച്ച് ഒരു മിനിലോറി അതിവേഗതയില്‍ കടന്നുവന്നത്. യുവാവിനെ കണ്ട് ലോറി സഡണ്‍ബ്രേക്കിട്ടതോടെ മുകളിലുണ്ടായിരുന്ന സ്റ്റീല്‍ പൈപ്പുകള്‍ ശരവേഗത്തില്‍ മുന്നിലേക്ക് പതിച്ചു. നിമിഷങ്ങളുടെ വ്യത്യാസത്തില്‍ യുവാവിന് മറുപുറത്ത് എത്താനായി.
വാഹനം യുവാവിന്റെ ശരീരത്തിലിടിച്ചെങ്കിലും കാര്യമായ പരിക്കുകളൊന്നും ഏല്‍ക്കാതെ രക്ഷപ്പെടാനായി. കോഴിക്കോട് സ്വദേശിയാണ് ഈ യുവാവെന്നാണ് പ്രാഥമിക വിവരം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.