ഒരു കിലോ മഞ്ഞളിന് ഒന്നര ലക്ഷം!; കേട്ടിട്ടുണ്ടോ, ഇല്ലെങ്കിൽ കേൾക്കൽ മാത്രമല്ല നേരിട്ട് കാണുകയുമാവാം

കണ്ണൂർ: കിലോയ്ക്ക് ഒന്നര ലക്ഷം രൂപ വിലയുള്ള വാടാർ മഞ്ഞൾ, ഒരു ലക്ഷം രൂപ വില വരുന്ന ബ്ലൂപ്രിന്റ് മഞ്ഞൾ എന്നിവയെ പറ്റി കേട്ടിട്ടുണ്ടോ. ഇല്ലെങ്കിൽ കേൾക്കൽ മാത്രമല്ല നേരിട്ട് കാണുകയുമാവാം. ആകാശ വാണി, കണ്ണൂർ കിസാൻ വാണി, കേരള ജൈവ കർഷക സമിതി എന്നിവ ചേർന്ന് കണ്ണൂർ മഹാത്മാ മന്ദിരത്തിൽ സംഘടിപ്പിച്ച വിത്തറിവ് മേളയിലാണ് അപൂർവമായ 130 ഓളം മഞ്ഞൾ ഇനങ്ങളുടെ പ്രദർശനം ഉള്ളത്. തില്ലങ്കേരി ജൈവകം വീട്ടിൽ ഷിംജിത്ത് തില്ലങ്കേരിയാണ് മഞ്ഞൾ പ്രദർശനവും വിൽപനയും നടത്തുന്നത്.
മൂർഖൻ പാമ്പ് കടിച്ചാൽ പോലും വേഗത്തിൽ വിഷമിറക്കാൻ പറ്റുന്ന തരം ഔഷധ ഗുണമുള്ളതാണ് വാടാർ മഞളെന്ന് ഷിംജിത്ത് തില്ലങ്കേരി പറയുന്നു. ‘വാടാർ മഞ്ഞളിന് ഇരുമ്പിനെ ഉരുക്കാനുള്ള ശേഷിയും ഉണ്ട്. ബ്ലൂപ്രിന്റ് മഞ്ഞൾ എടുത്ത് ഒരു നോട്ട് ബുക്കിൽ എന്തെങ്കിലും എഴുതിയാൽ എന്താണോ കുത്തിക്കുറിക്കുന്നത് അവയുടെ പ്രിന്റ് അടിയിൽ 25 ഓളം പേജുകളിൽ രേഖപ്പെടുത്തും. ഇത് കൊണ്ടാണ് ഈ മഞ്ഞളിന് ബ്ലൂ പ്രിന്റ് മഞ്ഞൾ എന്ന പേര് ലഭിച്ചത്. ഈ മഞ്ഞളും ഔഷധ ഗുണത്തിന് പേര് കേട്ടതാണ്.’ ഷിംജിത്ത് പറയുന്നു.
മരുത്വാ മലയിൽ വിളഞ്ഞ വാടാർ മഞ്ഞളും ബ്ലൂപ്രിന്റ് മഞ്ഞളും ഒരു സിദ്ധ വൈദ്യൻ മുഖേനയാണ് ഷിംജിത്ത് തില്ലങ്കേരിക്ക് ലഭിച്ചത്. പിന്നീടത് കൃഷി ചെയ്യുകയായിരുന്നു. ഇത് കൂടാതെ രശ്മി മഞ്ഞൾ, സുഗന്ധ മഞ്ഞൾ, പച്ചയ്ക്ക് തിന്നുന്ന മഞ്ഞൾ, കംബോഡിയ, പ്രകൃതി, ജൈവകം മഞ്ഞൾ എന്നിവയും പ്രദർശനത്തിൽ ഉണ്ട്.
അപൂർവ കിഴങ്ങ് വർഗങ്ങളുടെ ശേഖരവും ഉണ്ട്. അടതാപ്പ്, എയർ പൊട്ടാറ്റൊ, കാരക്കാച്ചിൽ, മലതാങ്ങി തുടങ്ങിയ കിഴങ്ങുകളും പ്രദർശനത്തിലുണ്ട്. രുദ്രാക്ഷം, കാട്ടുസൂര്യകാന്തി, തിപ്പലി, പതിമുഖം, അശ്വഗന്ധം, നീല അമരി, കാട്ടവര, രക്തചന്ദനം, ചന്ദനം തുടങ്ങിയ വിത്തുകളും വിവിധ തരം ഔഷധ സസ്യങ്ങളുടെ തൈകളും പ്രദർശനത്തിലുണ്ട്.
2023 വർഷം ചെറുധാന്യ വർഷമായി ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അന്യം നിന്നുപോകുന്ന ചെറുധാന്യങ്ങളെയും നാടൻ വിത്തുകളെയും പരിചയപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ പ്രദർശനം സംഘടിപ്പിച്ചത് എന്ന് ഭാരവാഹികൾ പറഞ്ഞു. പ്രദർശനം ഇന്ന് വൈകിട്ട് 7ന് സമാപിക്കും.