കൃഷി ഓഫീസര്‍ കണ്ണി മാത്രം,കള്ളനോട്ട് സംഘത്തിലെ ഒരാള്‍ കൂടി പിടിയില്‍

Share our post

ആലപ്പുഴ: കൃഷിയോഫീസര്‍ ഉള്‍പ്പെട്ട കള്ളനോട്ടുകേസിന്റെ വ്യാപ്തിയേറുന്നു. ഏറെപ്പേര്‍ കണ്ണികളായ വന്‍സംഘം കേസിലുള്‍പ്പെട്ടിട്ടുണ്ടെന്ന് പോലീസിനു ബോധ്യമായി. കേസില്‍ ഒരാള്‍കൂടി അറസ്റ്റിലായി. തൃക്കുന്നപ്പുഴ പഞ്ചായത്ത് പല്ലനമുറിയില്‍ മാവുന്നയില്‍ വീട്ടില്‍ അനില്‍കുമാറി (48)നെയാണ് ആലപ്പുഴ സൗത്ത് പോലീസ് അറസ്റ്റുചെയ്തത്.

കള്ളനോട്ടു വിതരണത്തിലെ കണ്ണികളിലൊന്നാണിയാള്‍. ഈ കേസിലെ പ്രമുഖനെന്നു കരുതുന്ന മറ്റൊരാള്‍ പിടിയിലായിട്ടുണ്ടെന്നാണു സൂചന. ഇയാള്‍ കായംകുളം കള്ളനോട്ടു കേസിലെ പ്രതിയാണ്. അറസ്റ്റ് ബുധനാഴ്ച രേഖപ്പെടുത്തിയേക്കും.

സംഭവത്തിലെ മുഖ്യന്‍, കൃഷിയോഫീസര്‍ക്കു കള്ളുനോട്ടു നല്‍കിയ കളരിയാശാനെ മറ്റൊരുകേസില്‍ വാളയാര്‍ പോലീസ് രണ്ടുദിവസംമുമ്പ് അറസ്റ്റുചെയ്തിരുന്നു. ഇയാള്‍ക്കൊപ്പം വേറെ മൂന്നുപേരും പിടിയിലായിരുന്നു. നാലുപേരും കുഴല്‍പ്പണ ഇടപാടുകാരാണ്.

ഇവര്‍ക്ക് ആലപ്പുഴയിലെ കള്ളനോട്ടു കേസുമായി ബന്ധമുണ്ടെന്ന് പോലീസിനു സൂചന ലഭിച്ചു. വിശദമായി ചോദ്യംചെയ്താലേ കൂടുതല്‍ വിവരം കിട്ടൂ.എന്നാല്‍, ഇവരെക്കുറിച്ചുള്ള വിവരം പോലീസ് പുറത്തുവിട്ടിട്ടില്ല. അറസ്റ്റിലായവരല്ല പ്രധാനപ്രതികളെന്നും ഏറെപ്പേര്‍ അറസ്റ്റിലാകാനുണ്ടെന്നും പോലീസ് പറഞ്ഞു.

ഹരിപ്പാട് ചിങ്ങോലി വെള്ളിശ്ശേരിത്തറ സുരേഷ് ബാബു (50)വിനെ കഴിഞ്ഞദിവസം അറസ്റ്റു ചെയ്തിരുന്നു. കള്ളനോട്ടു വിതരണത്തിലെ പ്രമുഖനായ ഇയാള്‍ നേരത്തേ സമാനകേസില്‍ പ്രതിയായിട്ടുണ്ട്.കൃഷിയോഫീസര്‍ ജിഷമോള്‍ പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തില്‍ ചികിത്സയിലാണ്. ചികിത്സ തീരുന്നതോടെ പോലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടേക്കും.

സബ് ഇന്‍സ്‌പെക്ടര്‍മാരായ വി.ഡി. റെജിരാജ്, മോഹന്‍കുമാര്‍, മനോജ് കൃഷ്ണ, പ്രദീപ്, സി.പി.ഒ.മാരായ വിപിന്‍ദാസ്, ഷാന്‍കുമാര്‍, അംബീഷ് എന്നിവരുമടങ്ങിയ പ്രത്യേക സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!