കല്യാശ്ശേരിയിൽ 24 മണിക്കൂറും വിളിപ്പുറത്ത് ഡോക്ടറുണ്ടാകും

കണ്ണൂർ: ഏത് രോഗത്തിനും 24 മണിക്കൂറും ഡോക്ടർ വിളിപ്പുറത്തുണ്ട് കല്യാശ്ശേരിയിൽ. രാത്രികാലങ്ങളിൽ ഡോക്ടറുടെ സേവനം ഇല്ലാതാകുന്ന കാലത്ത് കല്യാശേരി ബ്ളോക്ക് പഞ്ചായത്താണ് രോഗികൾക്ക് ആശ്വാസമാകുന്ന നൂതന പദ്ധതിയുമായി രംഗത്തിറങ്ങിയത്. തദ്ദേശ സ്ഥാപനത്തിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് നടപ്പിലാക്കുന്ന ആദ്യ പദ്ധതിയാണിത്.
ടെലി കാൾ, വീഡിയോ കാൾ ഏത് സംവിധാനത്തിലൂടെയും ഡോക്ടർമാരുമായി ബന്ധപ്പെടാം. പ്രത്യേക പരിധിയുമില്ല. കല്യാശ്ശേരിയിലും സമീപ പ്രദേശത്തുള്ളവർക്കും ഈ സേവനം പ്രയോജനപ്പെടുത്താം.പദ്ധതിക്ക് ജില്ലാ വികസന സമിതിയുടെ അംഗീകാരം ലഭിച്ചു. ഇതിനുപുറമെ ആരോഗ്യ മേഖലയിൽ നിരവധി നൂതന പദ്ധതികളാണ് ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ നടപ്പാക്കുന്നത്.
ബ്ലോക്കിന്റെ തനതുഫണ്ടിൽ നിന്ന് മൂന്ന് ലക്ഷം ചെലവഴിച്ചാണ് ‘ഹലോ ഡോക്ടർ” പദ്ധതി നടപ്പാക്കുന്നത്. ഹലോ ഡോക്ടറിലൂടെ രോഗികൾക്ക് ഏത് സമയവവും ഫോണിൽ വിളിച്ച് സംശയ നിവാരണം നടത്താം.രോഗത്തിനുള്ള ചികിത്സാ ഫീസും മരുന്നും സൗജന്യമാണ്. ഡോക്ടർ നൽകുന്ന മരുന്ന് ഏഴോം, പഴയങ്ങാടി, മാട്ടൂൽ എന്നിവിടങ്ങളിലെ ഫാർമസികളിൽ നിന്നു സൗജന്യമായി നൽകും.
ഇതിനായി പ്രത്യേക കോൾ സെന്റർ സംവിധാനം ആരംഭിക്കും. കൂടാതെ ഡോക്ടറെ നേരിട്ട് കാണേണ്ടവർക്ക് മാട്ടൂൽ സി.എച്ച്.സിയിൽ ഇതിനായുള്ള സൗകര്യവും തുടർ ചികിത്സക്കുള്ള സംവിധാനവും ഒരുക്കും.പ്രത്യേക ഡോക്ടറെത്തുംപദ്ധതിക്കായി മാട്ടൂൽ സി.എച്ച്.സി കേന്ദ്രീകരിച്ച് പ്രത്യേക ഡോക്ടറെ നിയമിക്കും. 24 മണിക്കൂറും ഡോക്ടറുടെ സേവനം ലഭ്യമാക്കും.
ഏപ്രിലിൽ ഡോക്ടറുടെ സേവനം ലഭിക്കുന്ന രീതിയിൽ പദ്ധതി തുടങ്ങാനാണ് നീക്കം. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി. ഷാജിർ, സെക്രട്ടറി കെ. സുനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സമിതിയാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്.
ഡോക്ടറില്ലെന്ന പേരു പറഞ്ഞ് ആർക്കും ചികിത്സ നിഷേധിക്കരുത്. സംസ്ഥാന സർക്കാറിന്റെ അംഗീകാരം കൂടി ലഭിക്കുന്ന മുറക്ക് പദ്ധതി തുടങ്ങും.
പി.പി. ഷാജിർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്