മരവുരിയും രുദ്രാക്ഷവും കമണ്ഡലുവുമായി വിത്തറിവ്‌ മേള

Share our post

കണ്ണൂർ: വിളക്ക്‌തിരിയായി ഉപയോഗിക്കാവുന്ന അഗ്‌നിപത്രിച്ചെടിയുടെ ഇല, തുണി കണ്ടുപിടിക്കുന്നതിനുമുമ്പ്‌ വസ്‌ത്രമായി ഉപയോഗിച്ചിരുന്ന മരവുരി, തേച്ചുകുളിക്കുന്ന കാട്ട്‌കൊട്ടാപ്പെട്ടി തുടങ്ങി പണ്ടുകാലത്ത്‌ മനുഷ്യരുപയോഗിച്ചിരുന്ന സസ്യങ്ങളുടെ വലിയ ശേഖരമാണ്‌ തില്ലങ്കേരി സ്വദേശി ഷിംജിത്തിന്റെ കൈയിലുള്ളത്‌.

കണ്ണൂർ ആകാശവാണി കിസാൻ വാണിയും കേരള ജൈവകർഷക സമിതിയും കണ്ണൂർ മഹാത്മ മന്ദിരത്തിൽ സംഘടിപ്പിച്ച വിത്തറിവ്‌ മേളയിലാണ്‌ ചെടികളുടെയും വിത്തിനങ്ങളുടെയും അമൂല്യശേഖരവുമായി ഷിംജിത്ത്‌ എത്തിയത്‌.

സന്യാസിമാർ ഉപയോഗിച്ച കമണ്ഡലുവാണ്‌ മറ്റൊരു കൗതുകം. കമണ്ഡലുമരത്തിന്റെ ബോൾ രൂപത്തിലുള്ള കായയ്‌ക്ക്‌ വിഷം നിർവീര്യമാക്കാൻ ശേഷിയുണ്ടെന്നാണ്‌ പറയുന്നത്‌.ഏത്‌ പാമ്പാണ്‌ കടിച്ചതെന്ന്‌ അറിയാൻ പാമ്പ്‌ കടിയേറ്റയാൾക്ക്‌ നൽകുന്ന നാഗവെത്തിലയും സ്‌റ്റാളിലുണ്ട്‌. കർപ്പൂര തുളസി, രുദ്രാക്ഷം, കായം , കാട്ടുമുന്തിരി തൈകളുമുണ്ട്‌.

നൂറ്റിമുപ്പതിലധികം മഞ്ഞൾ ഇനങ്ങളും ഷിംജിത്തിന്റെ ശേഖരത്തിലുണ്ട്‌. വാടാർ മഞ്ഞളിന്‌ ഒരു കിലോയ്‌ക്ക്‌ ഒന്നരലക്ഷവും ബ്ലൂപ്രിന്റ്‌ മഞ്ഞളിന്‌ ഒരു ലക്ഷം രൂപയുമാണ്‌ വില. കരിമഞ്ഞൾ, കേദാരം മഞ്ഞൾ, മരമഞ്ഞൾ, മലേഷ്യ മഞ്ഞൾ, അമലാപുരം മഞ്ഞൾ തുടങ്ങിയവയുമുണ്ട്‌.

രാവിലെ കതിരിട്ട്‌ ഉച്ചയാവുമ്പോൾ മൂത്ത്‌ വൈകിട്ടാവുമ്പോഴേക്കും കൊഴിയുന്ന അണ്ണൂരി നെല്ലിനമാണ്‌ മറ്റൊരു താരം. പാലിലോ വെള്ളത്തിലോ വെറുതെയിട്ടാൽ ചോറാകുന്ന അസോലിബോറയടക്കമുള്ള 240 ഇനം നെല്ലിനങ്ങളും പ്രദർശനത്തിലുണ്ട്‌.

വീട്ടുപറമ്പിൽ കാണുന്ന ഭക്ഷ്യയോഗ്യമായ ഇലകളുടെ ശേഖരവുമായാണ്‌ സനീഷ്‌ പാലത്തായി മേളയിലെത്തിയത്‌. തങ്കച്ചീര, അരുണോദയം ചീര, മുത്തിൾ, പൊന്നങ്കണ്ണിച്ചീര തുടങ്ങിയ മുപ്പതിൽപരം ഇലക്കറികൾ സ്‌റ്റാളിലുണ്ട്‌. മുണ്ടേരി കൃഷിദീപം കാർഷിക സൊസൈറ്റിയുടെ പച്ചക്കറി, ഫലവൃക്ഷത്തൈകളും മേളയിലുണ്ട്‌. മേള ബുധനാഴ്‌ച സമാപിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!