മുഖം പൊത്തി നിലത്ത് കുത്തിയിരുന്നു: നാടിന്റെ മനസ്സ് പൊള്ളിച്ച് ആസിഡ് ആക്രമണം

തളിപ്പറമ്പ് : തിങ്ങിനിറഞ്ഞ ജനങ്ങൾക്കിടയിൽ കോടതി ജീവനക്കാരിക്കു നേരെ നടന്ന ആസിഡ് ആക്രമണം നഗരത്തെ ഞെട്ടിച്ചു. തളിപ്പറമ്പിലെ ഏറ്റവും ജനത്തിരക്കേറിയ ജംക്‌ഷൻ കൂടിയായ മാർക്കറ്റ് റോഡിലെ ന്യൂസ് കോർണർ ജംക്‌ഷനിലാണ് എല്ലാവരെയും ഞെട്ടിച്ച ആക്രമണം നടന്നത്.
ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ടൈപ്പിസ്റ്റായ നടുവിൽ സ്വദേശിയും ഇപ്പോൾ കൂവോട് വാടക വീട്ടിൽ താമസിക്കുന്ന കെ.സാഹിത(46) ജോലി കഴിഞ്ഞു വരുമ്പോൾ അഷ്ക്കർ അടുത്തു പോയി എന്തോ സംസാരിക്കുന്നതും പിന്നീട് സാഹിത അലറിക്കരയുന്നതുമാണു സമീപത്തുള്ളവർ കണ്ടത്.
കുപ്പിയിൽ സൂക്ഷിച്ചിരുന്ന ആസിഡ് അഷ്ക്കർ ആദ്യം സാഹിതയുടെ ദേഹത്തു കുടയുകയും വേണ്ടത്ര പുറത്തു വരുന്നില്ലെന്നു കണ്ടപ്പോൾ കുപ്പിയോടെ ഏറിയുകയുമായിരുന്നു. അപ്പോഴേക്കും മുഖം പൊത്തി നിലത്ത് കുത്തിയിരുന്നു നിലവിളിക്കുകയായിരുന്നു സാഹിതയുടെ ദേഹത്തു തന്നെ കുപ്പിയും വീണു.
കുടയുന്നതിനിടയിൽ അഷ്ക്കറിന്റെ ദേഹത്തും സാഹിതയ്ക്കു പിന്നാലെ വരികയായിരുന്ന മുൻസിഫ് കോടതി ജീവനക്കാരൻ പയ്യാവൂരിലെ പ്രവീൺ തോമസിന്റെ കാലിലും ഇവിടെയുള്ള പത്രഏജൻസിയിൽ പത്രം എടുക്കാൻ വന്ന വിൽപനക്കാരനായ മംഗര അബ്ദുൽ ജബ്ബാറിന്റെ കയ്യിലും കാലിലും ആസിഡ് വീണു.
ദേഹത്ത് ആസിഡ് വീണിട്ടും അബ്ദുൽ ജബ്ബാർ തന്നെയാണ് അഷ്ക്കറിനെ ആദ്യം പിടികൂടിയത്. പിന്നീട് നാട്ടുകാരും ചേർന്ന് ഇയാളെ പിടികൂടി. ഇതിനിടയിൽ സമീപത്തുണ്ടായിരുന്ന നാട്ടുകാരായ കെ.വി.വിനു, എൻ.അനിൽകുമാർ എന്നിവരുടെ വസ്ത്രത്തിലും ആസിഡ് വീണു വസ്ത്രം കരിഞ്ഞു.
നിലത്തു വീണ് കിടന്ന സാഹിതയെ പിടിച്ചെഴുന്നേൽപ്പിക്കാൻ ശ്രമിച്ച വഴിയാത്രക്കാരായ സ്ത്രീകളുടെ കയ്യിലും പൊള്ളലേറ്റിരുന്നു. സർ സയിദ് കോളജിൽ ലാബ് ജീവനക്കാരനായ ഇയാൾക്ക് എവിടെ നിന്നാണ് ആസിഡ് ലഭിച്ചതെന്നു വ്യക്തമായിട്ടില്ല.തന്റെ കുട്ടിയെ കോളജിൽ ചേർക്കാൻ പോയപ്പോഴാണ് സാഹിത അഷ്ക്കറിനെ പരിചയപ്പെട്ടതെന്നു പറയുന്നു.
ആസിഡ് ഒഴിച്ച ശേഷം തന്റെ ഭാര്യയാണ് ഇതെന്ന് അഷ്ക്കർ വിളിച്ചു പറഞ്ഞെങ്കിലും തന്റെ ആരുമല്ലെന്ന് സാഹിത പറയുന്നുണ്ടായിരുന്നു. പൊലീസിലും അഷ്ക്കർ ഇത്തരത്തിലാണു മൊഴി നൽകിയത്. കോളജിൽ നിന്ന് 20 വർഷത്തോളം അവധിയെടുത്ത് വിദേശത്ത് പോയിരുന്ന അഷ്ക്കർ 4 വർഷം മുൻപാണു വീണ്ടും ജോലിക്കു ചേർന്നത്.