ഏഷ്യയിലെ ആദ്യ വനിതാ ലോക്കോപൈലറ്റ്; വന്ദേഭാരത് എക്‌സ്പ്രസും നിയന്ത്രിച്ച് സുരേഖ

മുംബൈ: മറ്റൊരു നേട്ടം കൂടി സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്ത് ഏഷ്യയിലെ ആദ്യ വനിതാ ലോക്കോപൈലറ്റ് സുരേഖാ യാദവ്.
അര്‍ധ അതിവേഗ വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിന്‍ ഓടിക്കുന്ന ആദ്യവനിതയെന്ന നേട്ടമാണ് തിങ്കളാഴ്ച സുരേഖ കരസ്ഥമാക്കിയത്. സോലാപുര്‍ സ്‌റ്റേഷനും ഛത്രപതി ശിവാജി മഹാരാജ് ടെര്‍മിനസി(സി.എസ്.എം.ടി.)നും ഇടയിലോടുന്ന അര്‍ധ അതിവേഗ ട്രെയിനാണ് സുരേഖ നിയന്ത്രിച്ചത്.
സുരേഖാ യാദവ്
മാര്‍ച്ച് 13-ന് സോലാപുര്‍ സ്‌റ്റേഷനില്‍നിന്ന് കൃത്യസമയത്ത് പുറപ്പെട്ട ട്രെയിന്‍ സി.എസ്.എം.ടിയില്‍ അഞ്ചുമിനിറ്റ് നേരത്തെ എത്തിയെന്ന് സെന്‍ട്രല്‍ റെയില്‍വേ അറിയിച്ചു.
450 കിലോമീറ്ററില്‍ അധികം ദൂരമാണ് സുരേഖ, ട്രെയിന്‍ ഓടിച്ചത്. സുരേഖ വന്ദേ ഭാരത് എക്‌സ്പ്രസ് ഓടിച്ച വിവരം, റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവും ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.
പടിഞ്ഞാറന്‍ മഹാരാഷ്ട്രയിലെ സതാറ സ്വദേശിയായ സുരേഖ 1988-ലാണ് ലോക്കോ പൈലറ്റ് ആകുന്നത്. ഈ നേട്ടം സ്വന്തമാക്കിയതിന് പിന്നാലെ ദേശീയ-അന്തര്‍ദേശീയ തലത്തിലുള്ള നിരവധി പുരസ്‌കാരങ്ങള്‍ സുരേഖയെ തേടിയെത്തിയിരുന്നു.
സി.എസ്.എം.ടി.-സോലാപുര്‍, സി.എസ്.എം.ടി.-സായ്‌നഗര്‍ ഷിര്‍ദി റൂട്ടുകളില്‍ രണ്ട് വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനുകളാണ് ഓടുന്നത്. ഫെബ്രുവരി പത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇരു സര്‍വീസുകളും ഉദ്ഘാടനം ചെയ്തത്.