എസ്.എസ്.എൽ.സിക്കാർക്ക് ‘വെളിച്ചം’ പകർന്ന് സർഗചേതന

ഏഴോം: കൊട്ടില സർഗചേതന പബ്ലിക് ലൈബ്രറി എസ്.എസ്.എൽ.സി വിദ്യാർഥികൾക്കായി സംഘടിപ്പിച്ച പരീക്ഷാ പഠന പിന്തുണ “വെളിച്ചം’ ഒമ്പതുവർഷം പിന്നിടുന്നു. ഏഴോം, ചെറുതാഴം, പരിയാരം പഞ്ചായത്തുകളിലെ എസ്.എസ്.എൽ.സി പരീക്ഷയെഴുതുന്ന കുട്ടികൾക്ക് ഗണിതം, ഫിസിക്സ്, കെമിസ്ട്രി, ഇംഗ്ലീഷ്, ഹിന്ദി തുടങ്ങിയ വിഷയങ്ങളിലാണ് പ്രഗത്ഭ അധ്യാപകർ സൗജന്യ പരിശീലനം നൽകുന്നത്.
ജനുവരിയിൽ ആരംഭിക്കുന്ന പരിശീലനം പരീക്ഷ അവസാനംവരെ തുടരും. വൈകിട്ട് ഏഴുമുതൽ രാത്രി 9.30വരെയാണ് പരിശീലനം. പൊതുജനങ്ങളുടെ സഹായത്തോടെ ലഘുഭക്ഷണം നൽകും.
പരീക്ഷാ ഭാഗങ്ങളിലെ സംശയനിവാരണത്തിനായി സജക്ട് കൗൺസിലിങ് സേവനം ലഭ്യമാണ്. ഭയരഹിതമായി പരീക്ഷയെഴുതാൻ കൗൺസലിങ്ങും നൽകും.
ഫലപ്രഖ്യാപനത്തിന് ശേഷം ഉപരിപഠന യോഗ്യത നേടിയ മുഴുവൻ കുട്ടികളെയും പങ്കെടുപ്പിച്ച് വിജയോത്സവവും നടത്തും. പരിശീലനം ഏഴോം പഞ്ചായത്ത് പ്രസിഡന്റ് പി ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു.
കെ .നിർമല, കെ .വി രാജൻ, എ .വിനോദ്, എം .വി ഹരീഷ് എന്നിവർ സംസാരിച്ചു. എൻ .രാജീവൻ അധ്യക്ഷനായി. പി .എം കൃഷ്ണപ്രഭ സ്വാഗതവും പി .പി ഭൂഷേഷ് നന്ദിയും പറഞ്ഞു.