മനസ് കുളിർക്കും ഹരിതഗ്രാമകാഴ്‌ചകൾ

കണ്ണൂർ: ‘എന്നുമിങ്ങനീപ്പുലരിയിൽ നിറയുന്ന, ഹരിതവർണമാണെന്റെ ലോകം. ഇല്ല മോഹങ്ങളനവധിക്കോപ്പുകൾ, ഉള്ളതീപ്പച്ച ലോകമാണ്. ദിനമോരോന്നിലും വേണം തിന്നുതീർക്കുവാനിത്തിരി കായകൾ’. കവിത മാത്രമല്ല. കൃഷിയും ഭാർഗവൻ പറശ്ശിനിക്കടവിന് നന്നായി ഇണങ്ങും. പാടത്തിറങ്ങി പച്ചക്കറി ഉൾപ്പെടെയുള്ള കൃഷി പരിപാലിക്കുന്നതോടെയാണ് ദിനചര്യ തുടങ്ങുക.
വിദ്യാലയ അനുഭവങ്ങൾ ‘ഉസ്‌ക്കൂൾ കാലം’ എന്ന എഴുത്തിലൂടെ മനോഹരമാക്കിയ ഭർഗവൻ കൃഷിയെയും ജീവന് തുല്യം സ്‌നേഹിക്കുന്നു.‘അവർക്ക് കോരിക്കുടിക്കാനോ, ചോദിച്ച് കുടിക്കാനോ, കടയിൽനിന്ന് വാങ്ങിക്കുടിക്കാനോ കഴിയില്ല. നമ്മൾ അറിഞ്ഞുകൊടുക്കണം’.
പക്ഷികൾക്ക് വീട്ടുപറമ്പിൽ കുടിവെള്ളമൊരുക്കുമ്പോൾ ഈ ലോകം അവർക്ക് കൂടിയുള്ളതാണെന്ന് സാക്ഷ്യപ്പെടുത്തുന്നു. നട്ടതൊന്നും മുളച്ചില്ല, മുളച്ചതൊക്കെ പ്രാണി തിന്നു, നട്ടത് കരിഞ്ഞുപോയി, പൂക്കൾ കൊഴിഞ്ഞുപോയി, കായ വളരും മുമ്പേ കേടായി എന്ന കർഷകന്റെ ആശങ്കകളും നിരന്തരം പങ്കുവയ്‌ക്കുന്ന കർഷക മനസ്സാണ് ഭാർഗവന്റേത്.
പയറിന്റെ പേനിനെയും വെണ്ടയിലെ പുഴുവിനെയും കയ്പയിലെ കുത്തിനെയും വഴുതനയിലെ ഇലചുരുട്ടിയെയും നിരന്തരം നിരീക്ഷിക്കുന്നു. പന്നി, മുള്ളൻപന്നി, പെരുച്ചാഴി, മയിൽ, കുരങ്ങ് എന്നിവയുടെ ശല്യവും കൃഷിയുടെ കഷ്‌ടപ്പാടുകൾക്കൊപ്പം ചേർത്തുവയ്‌ക്കുന്നു. കൃഷിയോളം സന്തോഷവും സംതൃപ്തിയും തരുന്ന മറ്റൊന്നുമില്ലെന്ന് ഭാർഗവൻ പറയും.
നഷ്ടങ്ങളുടെ കണക്ക് മാത്രം പറയുന്ന കർഷകർ വിത്ത് മുളപൊട്ടുന്നതും നോക്കിയിരിക്കുന്നതിന്റെ സന്തോഷവും മറച്ചുവയ്‌ക്കുന്നില്ല. പ്രതിബന്ധങ്ങളിൽ തളരാത്ത കരുത്തുറ്റ മനസ് കർഷകർക്ക് ലഭിക്കുന്നത് മണ്ണിനെ വിശ്വാസമുള്ളതുകൊണ്ടാണ്. പറശ്ശിനിക്കടവ് കോടല്ലൂർ ശ്രീകൃഷ്‌ണ ക്ഷേത്രത്തിന് സമീപത്തെ ഒരേക്കർ വയലിലും വീട്ടുവളപ്പിലുമാണ് മുഖ്യമായും കൃഷി.
പഴശ്ശി കനാലിന്റെ തരിശിട്ട സ്ഥലങ്ങൾ ജൈവ വൈവിധ്യത്തിന്റെ കലവറയാക്കി. പ്രവാസിയായിരുന്ന ഭാർഗവൻ ഇപ്പോൾ പൂർണസമയ കർഷകനാണ്. പച്ചക്കറിയും പഴവർഗങ്ങളുമാണ് മുഖ്യമായും കൃഷി ചെയ്യുന്നത്. റോഡരികിൽ മരങ്ങളും ചെടികളും വച്ചുപിടിപ്പിച്ചിട്ടുണ്ട്. ‘ഹരിത ഗ്രാമ’മെന്ന കൃഷിയിടം സന്ദർശിക്കാൻ നിരവധി പേർ എത്തുന്നത് വേറിട്ട കൃഷി രീതി പഠിക്കാനും പകർത്താനുമാണ്.
വിത്ത് മുതൽ വിള വരെയുള്ള കാര്യങ്ങൾ പുതുതലമുറയ്‌ക്ക് പകർന്ന് നൽകുന്നുമുണ്ട്. സ്‌കൂളുകളിലും കൃഷി, പരിസ്ഥിതി സംരക്ഷണം വിഷയങ്ങളിൽ ക്ലാസെടുക്കുന്നു. കൃഷി പ്സൊരണത്തിന് ഒട്ടേറെ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. ആനുകാലികങ്ങളിലും മാസികളിലും കാർഷിക ലേഖനവും എഴുതുന്നു.
ഫോൺ: 9745362376.