വയോ ദമ്പതികൾക്ക് വീടൊരുക്കാൻ നാട് കൈകോർക്കുന്നു

ഇരിട്ടി: ജീവിത സായാഹ്നത്തിൽ തലചായ്ക്കാൻ ഇടമില്ലാതെ ദുരിതം പേറുന്ന വയോ ദമ്പതികൾക്ക് വീട് യഥാർഥ്യമാക്കാൻ നാട് കൈകോർക്കുന്നു. മൂന്ന് വർഷമായി പ്ലാസ്റ്റിക് കൂരയിൽ കഴിയുന്ന തില്ലങ്കേരി പഞ്ചായത്ത് പതിനൊന്നാം വാർഡിലെ പള്ള്യം സ്വദേശി വിജയന്റെ കുടുംബത്തിന് വീടൊരുക്കാനാണ് നാടൊന്നിക്കുന്നത്.
ലൈഫ് ഭവന പദ്ധതിയിൽ വീട് ലഭിക്കുമെന്ന പ്രതീക്ഷയിൽ സ്വന്തമായുണ്ടായിരുന്ന പഴയ വീട് പൊളിച്ചു മാറ്റിയിരുന്നു. തൽസ്ഥാനത്ത് നിർമിച്ച വീടിന്റെ തറയിൽ കെട്ടിയുണ്ടാക്കിയ പ്ലാസ്റ്റിക് കൂരയിലാണ് പ്രായപൂർത്തിയായ മകളുമൊത്ത് കുടുംബം കഴിയുന്നത്.
ഭവനപദ്ധതിയിലൊന്നും ഉൾപ്പെടുത്താൻ കഴിയാത്തതിനാലാണ് നാട്ടുകാരും ജനപ്രതിനിധികളും രംഗത്തിറങ്ങിയത്. തില്ലങ്കേരി പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീമതിയുടെ അധ്യക്ഷതയിൽ പള്ള്യത്ത് ചേർന്ന യോഗത്തിൽ വിജയൻ കുടുംബ സഹായ കമ്മിറ്റി രൂപവത്കരിച്ചു.
വൈസ് പ്രസിഡന്റ് അണിയരി ചന്ദ്രൻ, വി. വിമല, കെ.വി. രാജൻ, എം.വി. ശ്രീധരൻ, എം.എൻ. ബിജു, അശോകൻ, കെ. സരീഷ് കുമാർ, നെല്ലിക്ക രാജൻ, പി. ദിനേശൻ എന്നിവർ പങ്കെടുത്തു. വിജയന്റെ പേരിൽ പഞ്ചാബ് നാഷനൽ ബാങ്ക് ഇരിട്ടി ശാഖയിൽ അക്കൗണ്ട് തുറന്നു. അക്കൗണ്ട് നമ്പർ : 4278000100745543 IFSC CODE:PUNB0427800. ഗൂഗിൾ പേ നമ്പർ: 9747510897.