വയനാടിന്റെ കൃഷിപ്പെരുമയായി വിത്തുത്സവം

കൽപ്പറ്റ: കാര്‍ഷിക സമൃദ്ധിയുടെ നേര്‍കാഴ്‌ചയൊരുക്കി വയനാട് വിത്തുത്സവത്തിന് പുത്തൂര്‍വയല്‍ എം എസ് സ്വാമിനാഥന്‍ ഗവേഷണ നിലയത്തില്‍ തുടക്കം. വിവിധയിനം നെല്ലിനങ്ങള്‍, കിഴങ്ങു വര്‍ഗങ്ങള്‍, പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, ഔഷധച്ചെടികള്‍ തുടങ്ങിയ നാടിന്റെ കൃഷിപ്പെരുമയുടെ ദൃശ്യ വിരുന്നായി വിത്തുത്സവം മാറി.
അന്താരാഷ്ട്ര ചെറുധാന്യങ്ങളുടെ വര്‍ഷമായ 2023ല്‍ ചെറുധാന്യങ്ങള്‍ക്ക് പ്രാധാന്യം കൊടുത്താണ് വിത്തുത്സവം സംഘടിപ്പിക്കുന്നത്. ശനിയാഴ്ച സമാപിക്കും. ചെറുധാന്യങ്ങളുമായി കേരളത്തിനകത്തുനിന്നും തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍നിന്നും സ്റ്റാളുകള്‍ ക്രമീകരിച്ചിട്ടുണ്ട്.
മന്ത്രി പി പ്രസാദ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. മറ്റേതൊരു നാടിനും അവകാശപ്പെടാന്‍ ആവാത്ത കാര്‍ഷിക പാരമ്പര്യവും ജനിതക സമ്പത്തുമാണ് വയനാടിനുള്ളത്. ഈ സമ്പത്തിനെ കൃഷിയിടത്തില്‍ കാത്തു സംരക്ഷിക്കേണ്ടത് വളരെ ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ അധ്യക്ഷനായി.
ആദ്യ ദിനം ‘ഗോത്ര ജനതയുടെ ആരോഗ്യം, പോഷകാഹാരം, കാർഷിക ജൈവവൈവിധ്യത്തിന്റെ പങ്ക് ‘ എന്ന വിഷയത്തിൽ നടത്തിയ സെമിനാറില്‍ ആരോഗ്യ മേഖലയിലെ വിദഗ്ധര്‍ സംസാരിച്ചു. ലോകാരോഗ്യ സംഘടനയുടെ മുന്‍ ചീഫ് സയന്റിസ്റ്റ് ഡോ. സൗമ്യ സ്വാമിനാഥന്‍ നേതൃത്വം നൽകി.
പത്മശ്രീ ചെറുവയല്‍ രാമനെ ചടങ്ങിൽ ആദരിച്ചു. ബാലന്‍ നെല്ലാറച്ചാല്‍, അച്ചപ്പന്‍ കുട്ടോനട, അയ്യപ്പന്‍ പിലാക്കാവ്, നൂറാങ്ക് വനിതാ കര്‍ഷക കൂട്ടായ്മ എന്നിവര്‍ക്ക് സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് ചെയര്‍മാന്‍ ഡോ. ജോര്‍ജ് സി തോമസ് സാമൂഹിക കാര്‍ഷിക ജൈവ വൈവിധ്യ അവാര്‍ഡുകൾ നൽകി.
എം. എസ് സ്വാമിനാഥന്‍ ഗവേഷണ നിലയം, വയനാട് ആദിവാസി വികസന സമിതി, സീഡ് കെയര്‍, കിസാന്‍ സര്‍വീസ് സൊസൈറ്റി, കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍, കേരള ജൈവ വൈവിധ്യ ബോര്‍ഡ്, കുടുംബശ്രീ എന്നിവര്‍ ചേർന്നാണ് വിത്തുത്സവം സംഘടിപ്പിക്കുന്നത്. ഡോ. കെ കെ നാരായണന്‍, ഡോ. ജി എന്‍ ഹരിഹരന്‍, ഡോ. ഷക്കീല എന്നിവർ സംസാരിച്ചു.