മിനി സിവിൽ സ്റ്റേഷൻ ടെറസിൽ ജീവനക്കാർ വിളയിച്ചെടുത്തത് നൂറ് മേനി

തളിപ്പറമ്പ്: ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതി വലിയ വിജയമാക്കി മാറ്റി തളിപ്പറമ്പ് മിനി സിവിൽ സ്റ്റേഷനിലെ ജീവനക്കാർ. രണ്ട് മാസത്തിനിടയിൽ ടെറസിൽ കൃഷിചെയ്ത പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തി. 200 ഗ്രോബാഗുകളിലായാണ് ഇത്തവണ പടവലം, വെണ്ട, തക്കാളി, പച്ചമുളക്, ചീര കോളിഫ്ളവർ എന്നിവ കൃഷികൾ നടത്തിയത്.
കൃഷിവകുപ്പിന്റെ സബ്സിഡിയോടെ തിരിനന രീതിയിലാണ് കൃഷി നടന്നത്. ഇതിനായി കഴിഞ്ഞവർഷം കൃഷിവകുപ്പിന്റെ സഹായത്തോടെ സജ്ജീകരിച്ച സംവിധാനങ്ങൾ തന്നെയാണ് ഉപയോഗപ്പെടുത്തിയത്. ആർ.ഡി.ഒ ഇ.പി.മേഴ്സി മുൻകൈയെടുത്ത് രൂപീകരിച്ച മിനി സിവിൽ സ്റ്റേഷൻ വെൽഫെയർ കമ്മറ്റിയാണ് പച്ചക്കറി കൃഷി ആരംഭിച്ചത്.
18 ഓഫീസുകൾ പ്രവർത്തിക്കുന്ന മിനി സിവിൽ സ്റ്റേഷനിലെ ഓരോ ഓഫീസുകളിലെയും ജീവനക്കാർ മാറിമാറിയാണ് കൃഷിയെ പരിചരിച്ചത്. വിളവെടുക്കുന്ന പച്ചക്കറികൾ അതത് ദിവസത്തെ മാർക്കറ്റ് വിലക്ക് ജീവനക്കാർക്ക് തന്നെ വിൽക്കുകയാണ് ചെയ്യുന്നത്.
ആർ.ഡി.ഒ ചെയർമാനും പി.സി. സാബു കൺവീനറും ടി.എം പുഷ്പവല്ലി സെക്രട്ടറിയും കരുണാകരൻ ട്രഷററുമായ കമ്മിറ്റിക്കാണ് പച്ചക്കറി കൃഷിയുടെ മേൽനോട്ടം. വിളവെടുപ്പ് ആർ.ഡിഒ ഇ.പി. മേഴ്സി ഉദ്ഘാടനം ചെയ്തു.തളിപ്പറമ്പ് മിനി സിവിൽ സ്റ്റേഷൻ ടെറസിലെ പച്ചക്കറി വിളവെടുപ്പ് ആർ.ഡിഒ ഇ.പി.മേഴ്സി ഉദ്ഘാടനം ചെയ്യുന്നു