അന്നത്തെ മാലിന്യമല ഇപ്പോൾ മനംമയക്കും പൂന്തോട്ടം

Share our post

തൃശൂർ: ശവക്കോട്ട ഇങ്ങനെയൊരു പൂങ്കാവനമാകുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. നമ്മുടെ നാട്ടിൽ ഒന്നും നടക്കില്ലെന്ന് ചിന്തിക്കുന്നവർക്കുള്ള ഉത്തരമാണിത്— മന്ത്രി എം.ബി. രാജേഷ് ഫേസ്ബുക്കിൽ കുറിച്ചതിങ്ങനെ.ഗുരുവായൂർ നഗരസഭയിൽ ദുർഗന്ധം പരത്തി, പുകഞ്ഞിരുന്ന ‘ശവക്കോട്ട’ എന്ന മാലിന്യമലയെക്കുറിച്ചാണ് മന്ത്രിയുടെ പരാമർശം.

ഇന്നവിടെ മാലിന്യമലയ്ക്കു പകരം പൂച്ചെടികളും അലങ്കാരച്ചെടികളും. പുതുതായി നിർമ്മിച്ച, ദീപാലങ്കാരമുള്ള പാർക്കിൽ കുട്ടികളുടെയും മുതിർന്നവരുടെയും കളിചിരി. ഗുരുവായൂരിലെത്തുന്നവരുടെ വിശ്രമകേന്ദ്രം…
മാലിന്യക്കൂനയ്ക്കിടയിൽ വിറകുപയോഗിച്ചുള്ള ശ്മശാനവുമുണ്ടായിരുന്നതിനാൽ ‘ശവക്കോട്ട’യെന്ന് ജനങ്ങൾ വിളിച്ചിരുന്ന സ്ഥലത്തിനാണിപ്പോൾ നഗരസഭ പുതുമുഖം നൽകിയത്.

ചൂൽപ്പുറത്തെ മൂന്നരയേക്കറിൽ നാല് പതിറ്റാണ്ട് മുമ്പാണ് മാലിന്യനിക്ഷേപം തുടങ്ങിയത്. അന്നിവിടെ ജനവാസമില്ല. തീർത്ഥാടന കേന്ദ്രമായതിനാൽ സന്ദർശകർ കൂടി. അതോടെ, മാലിന്യപ്രശ്‌നവും. പക്ഷിമൃഗാദികൾ മാലിന്യം കിണറ്റിലും മറ്റുമിടുന്നത് പതിവായി. മാലിന്യം അഴുകിയും പുകഞ്ഞും ജനജീവിതം ദുസ്സഹമായപ്പോഴാണ് നവീകരണം തുടങ്ങിയത്.

മാലിന്യം ഉറവിടത്തിൽ സംസ്‌കരിക്കുന്നതിന് പ്രാധാന്യം നൽകി. 20,000 വീടുകളിൽ ബയോബിന്നും മിനി ബയോഗ്യാസ് പ്‌ളാന്റുകളും 90 ശതമാനം സബ്‌സിഡിയിൽ കൊടുത്തതോടെ മാലിന്യം കുന്നുകൂടാതായി. ഹരിതകർമ്മസേന ശേഖരിക്കുന്നവ ഉടൻ സംസ്‌കരണ ഏജൻസികൾക്ക് നൽകും.മൃതദേഹം സംസ്‌കരിക്കാൻ ജില്ലയിലെ ആദ്യത്തെ വാതക ശ്മശാനം സ്ഥാപിച്ചു.

ക്രമേണ ജൈവവള നിർമ്മാണ കേന്ദ്രവും അഗ്രോ നഴ്‌സറിയും പ്‌ളാസ്റ്റിക് മാലിന്യശേഖരണവും തുടങ്ങിയെങ്കിലും പ്രവർത്തനം മന്ദഗതിയിലായി. പുതിയ മാലിന്യശേഖരണ കേന്ദ്രം, ചിൽഡ്രൻസ് പാർക്ക്, വിശ്രമകേന്ദ്രം എന്നിവയോടെ മാറിയത് നാലുവർഷം കൊണ്ട്.

കേന്ദ്ര, സംസ്ഥാന സർക്കാർ വിഹിതമുൾപ്പെടെ ഒരു കോടി ചെലവിട്ടാണ് പദ്ധതി പൂർത്തിയാക്കിയത്.പദ്ധതി, തുക (ലക്ഷത്തിൽ)കുട്ടികളുടെ പാർക്ക് 43
വിശ്രമകേന്ദ്രം 20
മാലിന്യ ശേഖരണശാല 42
കുപ്പി, കിടക്ക, തലയണ, ഇരുമ്പ് തുടങ്ങിയവ ഇനി പ്രത്യേകം ശേഖരിച്ച് സംസ്‌കരിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!