സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വ്യാപാര തെരുവുകളിലും തണ്ണീര്‍ പന്തലുകള്‍ ആരംഭിക്കും

Share our post

ഉഷ്ണതരംഗം, സൂര്യാഘാതം എന്നിവയുടെ സാധ്യത മുന്‍നിര്‍ത്തി എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വ്യാപാര തെരുവുകളിലും ആവശ്യാനുസരണം തണ്ണീര്‍ പന്തലുകള്‍ ആരംഭിക്കും. ഇവ മെയ് മാസം വരെ നിലനിര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. സംസ്ഥാനദുരന്ത നിവാരണ അതോറിറ്റി യോഗത്തില്‍ വകുപ്പ് മേധാവികളെയും ജില്ലാ കലക്ടര്‍മാരെയും അഭിസംബോധന ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

തണ്ണീര്‍പ്പന്തലുകളില്‍ സംഭാരം, തണുത്ത വെള്ളം, അത്യാവശം ഒ.ആര്‍.എസ് എന്നിവ കരുതണം. പൊതു ജനങ്ങള്‍ക്ക് ഇത്തരം ‘തണ്ണീര്‍ പന്തലുകള്‍’ എവിടെയാണ് എന്ന അറിയിപ്പ് ജില്ലകള്‍ തോറും നല്‍കണം. ഇവയ്ക്കായി പൊതു കെട്ടിടങ്ങള്‍, സുമനസ്‌കര്‍ നല്‍കുന്ന കെട്ടിടങ്ങള്‍ എന്നിവ ഉപയോഗിക്കാം.

ഇത്തരം തണ്ണീര്‍ പന്തലുകള്‍ സ്ഥാപിക്കുന്നതിന് ദുരന്ത പ്രതികരണ നിധിയില്‍ നിന്നും ഗ്രാമ പഞ്ചായത്തിന് 2 ലക്ഷം രൂപ , മുനിസിപ്പാലിറ്റി 3 ലക്ഷം രൂപ, കോര്‍പ്പറേഷന്‍ 5 ലക്ഷം രൂപ വീതം അനുവദിക്കും. ഈ പ്രവര്‍ത്തി അടുത്ത 15 ദിവസത്തിനുള്ളില്‍ നടത്തും.

വ്യാപാരികളുടെ സഹകരണം ഇതില്‍ ഉറപ്പാക്കണം. ചൂട് കൂടുതലുള്ള ഇത്തരം കേന്ദ്രങ്ങളില്‍ താത്കാലികമായി തണുപ്പ് ഉറപ്പാക്കുന്ന പ്രത്യേക കേന്ദ്രങ്ങള്‍ സജ്ജീകരിക്കാവുന്നതാണ്. എല്ലാ തദ്ദേശ സ്ഥാപനങള്‍ക്കും കുടിവെള്ള വിതരണത്തിനായി തദ്ദേശ വകുപ്പ് പ്ലാന്‍ ഫണ്ട്/തനതു ഫണ്ട് വിനിയോഗിക്കുവാന്‍ അനുമതി നല്കിയിട്ടുണ്ട്.

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഉഷ്ണകാല ദുരന്ത ലഘുകരണ പ്രവര്‍ത്തന മാര്‍ഗരേഖ തയ്യാറാക്കി പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസ്തുത മാര്‍ഗരേഖയില്‍ സംസ്ഥാനത്തെ ഓരോ വകുപ്പിനും ചുമതലകള്‍ നിശ്ചയിച്ച് നടപ്പിലാക്കേണ്ട പ്രവര്‍ത്തനങ്ങളും തയ്യാറെടുപ്പുകളും നിര്‍ദേശിച്ചിട്ടുണ്ട്.

ദുരന്ത നിവാരണ അതോറിറ്റി, ആരോഗ്യ വകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, കൃഷി വകുപ്പ്, വനം വകുപ്പ്, അഗ്‌നിശമന രക്ഷാസേന, തദ്ദേശ സ്ഥാപന വകുപ്പ് തുടങ്ങിയ വകുപ്പുകള്‍ വിപുലമായ രീതിയില്‍ വേനല്‍ക്കാല ദുരന്തങ്ങളെ സംബന്ധിച്ചുള്ള ക്യാമ്പയിന്‍ നടത്തണം.

ഇത്തരം ക്യാമ്പയിന്‍ ‘ഈ ചൂടിനെ നമുക്ക് നേരിടാം’ എന്ന് നാമകരണം ചെയ്യും. ഈ ക്യാമ്പയിനിനായി സാമൂഹിക സന്നദ്ധ സേന, ആപ്ത മിത്ര, സിവില്‍ ഡിഫന്‍സ് എന്നിവരെ ഉപയോഗിക്കാം. ക്യാമ്പയിന്‍ ഒരാഴ്ചക്കുള്ളില്‍ ആരംഭിക്കണം. അതതു വകുപ്പുകളുടെ പ്രചാരണ ആവശ്യങ്ങള്‍ക്ക് കരുതിയിട്ടുള്ള തുക ഇതിനായി വിനിയോഗിക്കാം.

ചൂട് ഭാവിയിലും വര്‍ധിക്കും എന്നുള്ള കാലാവസ്ഥ മുന്നറിയിപ്പുകളെ പരിഗണിച്ചു കൊണ്ട് അതിനെ അതിജീവിക്കുന്നതിനായി ഹീറ്റ് ആക്ഷന്‍ പ്ലാനിലൂടെ നിര്‍ദേശിച്ചിട്ടുള്ള ‘കൂള്‍ റൂഫ്’ ഉള്‍പ്പെടെയുള്ള ഹൃസ്വകാല, ദീര്‍ഘകാല പദ്ധതികള്‍ നല്‍കി നടപ്പിലാക്കണം. കേരളത്തിലെ എല്ലാ നഗരങ്ങള്‍ക്കും ഹീറ്റ് ആക്ഷന്‍ പ്ലാനുകള്‍ തയ്യാറാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!