എസ്. എഫ് .ഐ നേതാവിനെ യൂത്ത് കോൺഗ്രസുകാർ വീട്ടിൽക്കയറി ആക്രമിച്ചു

ശ്രീകണ്ഠപുരം: ചെമ്പേരിയിൽ എസ്. എഫ് .ഐ നേതാവിനും കുടുംബത്തിനുംനേരെ യൂത്ത് കോൺഗ്രസ് അക്രമം.
എസ്. എഫ് .ഐ ഏരിയാ സെക്രട്ടറിയും ജില്ലാ സെക്രട്ടറിയറ്റംഗവുമായ ജോയൽ തോമസിനെയും കുടുംബത്തിനെയുമാണ് യൂത്ത് കോൺഗ്രസുകാർ വീട്ടിൽക്കയറി ആക്രമിച്ചത്.
യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ആൽബിൻ അറക്കൽ, കെ പി ലിജേഷ്, അൻസിൽ വാഴപ്പിളി എന്നിവരാണ് ആക്രമണം നടത്തിയത്. വെള്ളി പുലര്‍ച്ചെ ഒന്നോടെയാണ് സംഭവം. ജോയലിന്റെ അച്ഛനെയും അമ്മയെയും ഭീഷണിപ്പെടുത്തി അസഭ്യവർഷം നടത്തുകയും ചെയ്‌തു. സമീപവാസികളുടെ വീടുകളിലും സംഘം കയറിയതായി നാട്ടുകാർ പറഞ്ഞു.
പരിക്കേറ്റ ജോയലിനെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സി.പി.ഐ .എം ജില്ലാ സെക്രട്ടറിയറ്റംഗം പി വി ഗോപിനാഥ്, ശ്രീകണ്ഠപുരം ഏരിയാ സെക്രട്ടറി എം .സി രാഘവൻ, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബർട്ട് ജോർജ് എന്നിവർ സന്ദർശിച്ചു. സംഭവത്തിൽ കുടിയാന്മല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ചെമ്പേരിയിൽ പ്രതിഷേധപ്രകടനവും പൊതുയോഗവും നടത്തി. സി.പി.ഐ. എം ഏരിയാ സെക്രട്ടറി എം. സി രാഘവൻ ഉദ്ഘാടനം ചെയ്തു. അനിൽ പി .ജോർജ് അധ്യക്ഷനായി. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബർട്ട് ജോർജ്, ഏരിയാ കമ്മിറ്റിയംഗം പി. പ്രകാശൻ, ലോക്കൽ സെക്രട്ടറി കെ .പി ദിലീപ് എന്നിവർ സംസാരിച്ചു. ശ്രീകണ്ഠപുരം നഗരത്തിൽ ഡി.വൈ.എഫ്ഐ പ്രതിഷേധ പ്രകടനം നടത്തി. ബ്ലോക്ക് പ്രസിഡന്റ് കെ .വി ജിതിൻ, കെ വിനീത്, എം .വി അജിനാസ്, ഒ ഷിനോജ് എന്നിവർ സംസാരിച്ചു.
ഗുണ്ടായിസം അവസാനിപ്പിക്കണം: ഡി.വൈ.എഫ്ഐഎസ്എഫ്ഐ നേതാവ് ജോയൽ തോമസിനെയും വീട്ടുകാരെയും പാതിരാത്രി വീട്ടിൽക്കയറി ആക്രമിച്ച യൂത്ത് കോൺഗ്രസ് നടപടി പ്രതിഷേധാർഹമാണെന്ന് ഡി.വൈ.എഫ്ഐ ശ്രീകണ്ഠപുരം ബ്ലോക്ക് കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.
പ്രവർത്തകരെ നിലക്കുനിർത്താൻ നേതൃത്വം തയ്യാറാകണം. സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന പ്രദേശത്ത് അക്രമം അഴിച്ചുവിടുന്ന കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് ക്രിമിനലുകളെ നിലയ്‌ക്കുനിർത്തണമെന്നും ഡി.വൈ.എഫ്ഐ ആവശ്യപ്പെട്ടു.