സമൂഹമാധ്യമങ്ങള്‍ക്ക് കടിഞ്ഞാണ്‍ ; സേഫ്‌ ഹാർബർ വ്യവസ്ഥ നീക്കാൻ കേന്ദ്ര സർക്കാർ

Share our post

ന്യൂഡൽഹി: സമൂഹമാധ്യമങ്ങളിലൂടെ വ്യക്തികൾ നടത്തുന്ന അഭിപ്രായങ്ങളുടെ ഉത്തരവാദിത്വത്തിൽനിന്ന്‌ ബന്ധപ്പെട്ട മാധ്യമത്തെ ഒഴിവാക്കുന്ന ഐടി നിയമത്തിലെ ‘സേഫ്‌ ഹാർബർ’ വ്യവസ്ഥ ഭേദഗതി ചെയ്യാൻ കേന്ദ്ര നീക്കം. പുതിയ ഡിജിറ്റൽ ഇന്ത്യ ബില്ലിൽ ‘സേഫ്‌ ഹാർബർ’ വ്യവസ്ഥ ഒഴിവാക്കാനാണ്‌ ആലോചന.

വ്യക്തികൾ ഇടുന്ന പോസ്റ്റുകൾക്കും മറ്റും ബന്ധപ്പെട്ട സമൂഹമാധ്യമത്തിന്‌ ഉത്തരവാദിത്വം ഇല്ലെന്ന്‌ വ്യവസ്ഥ ചെയ്യുന്നതാണ്‌ ഐടി നിയമത്തിലെ ‘സേഫ്‌ ഹാർബർ’ ചട്ടം. ഡിജിറ്റൽ നിയമങ്ങളാകെ പൊളിച്ചെഴുതുന്നതിന്റെ ഭാഗമായി ഈ ചട്ടവും പുനഃപരിശോധിക്കുമെന്ന്‌ കഴിഞ്ഞ ദിവസം ബംഗളൂരുവിൽ കേന്ദ്രസഹമന്ത്രി രാജീവ്‌ ചന്ദ്രശേഖരൻ അറിയിച്ചിരുന്നു.

2021ൽ സർക്കാർ കൊണ്ടുവന്ന ഐടി ചട്ടങ്ങൾ പ്രകാരം അധികൃതർ ആവശ്യപ്പെടുന്ന പോസ്റ്റുകൾ സമൂഹമാധ്യമങ്ങൾ നീക്കം ചെയ്യണമെന്ന വ്യവസ്ഥ നടപ്പാക്കി. ഏതെങ്കിലും നിയമപ്രകാരം പോസ്‌റ്റുകൾ അംഗീകരിക്കാൻ സാധിക്കുന്നതല്ലെങ്കിലും നീക്കം ചെയ്യണം.

സമൂഹമാധ്യമങ്ങളുടെ കാര്യത്തിൽ രണ്ടായിരത്തിലെയും മറ്റും സ്ഥിതിവിശേഷമല്ല നിലവിലെന്നാണ്‌ കേന്ദ്രത്തിന്റെ നിലപാട്‌. സമൂഹമാധ്യമങ്ങൾ പല രൂപങ്ങളിലേക്ക്‌ മാറിക്കഴിഞ്ഞു. ഉപയോഗിക്കുന്നവരുടെ കാര്യത്തിലും മാറ്റമുണ്ട്‌. അതിനാൽ വ്യത്യസ്‌ത നിയന്ത്രണങ്ങൾ ആവശ്യമാണ്‌.

കരടു ഡിജിറ്റൽ ഇന്ത്യ ബില്ലിന്റെ കാര്യത്തിൽ രണ്ടു വട്ടം ചർച്ചകൂടി ശേഷിക്കുന്നുണ്ട്‌. അതിനുശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകും–- മന്ത്രി പറഞ്ഞു. കരടു ബിൽ അഭിപ്രായങ്ങൾ അറിയിക്കുന്നതിനും മറ്റുമായി ഏപ്രിലിൽ പുറത്തുവിടുമെന്നാണ്‌ ഐടി മന്ത്രാലയം വൃത്തങ്ങൾ നൽകുന്ന സൂചന.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!