പ്ലസ് വൺ ചോദ്യപേപ്പറിൽനിന്ന് കറുപ്പ് ‘പുറത്ത്’

തിരുവനന്തപുരം: ഇന്ന് തുടങ്ങിയ പ്ലസ് വൺ പരീക്ഷയുടെ ചോദ്യപേപ്പറിൽനിന്ന് കറുപ്പ് പുറത്ത്. കറുപ്പ് മഷിയിൽ ചോദ്യപേപ്പർ അച്ചടിക്കുന്നതിന് പകരം പിങ്ക് കലർന്ന ചുവപ്പ് നിറത്തിലാണ് ചോദ്യങ്ങൾ അച്ചടിച്ചുവന്നത്.
സാധാരണ വെള്ള പേപ്പറിൽ കറുത്ത മഷിയിൽ അച്ചടിച്ചുവരുന്ന ചോദ്യപേപ്പറിലാണ് ഇത്തവണ ചുവപ്പിന്‍റെ ‘അധിനിവേശം’. വ്യത്യസ്തമായ ചോദ്യപേപ്പർ കണ്ട വിദ്യാർഥികൾ ആദ്യമൊന്ന് അമ്പരന്നു.
അതേസമയം, ഒരേസമയം ഹയർസെക്കൻഡറി ഒന്നും രണ്ടും വർഷ പരീക്ഷകൾ നടക്കുന്നതിനാൽ മാറി വിതരണം ചെയ്യുന്നത് ഒഴിവാക്കാൻ വേണ്ടിയാണ് പ്ലസ് വൺ ചോദ്യങ്ങളുടെ നിറം മാറ്റിയതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻബാബു പറഞ്ഞു.
പ്ലസ് ടു ചോദ്യങ്ങൾ കറുത്ത മഷിയിൽ തന്നെയാണ് അച്ചടിച്ചുനൽകിയത്. എന്നാൽ, മുൻവർഷങ്ങളിലും ഒരേസമയം ഒന്നും രണ്ടും വർഷ പരീക്ഷകൾ നടന്നപ്പോൾ ഉണ്ടാകാത്ത പ്രശ്നത്തിന്‍റെ പേരിൽ ഇപ്പോൾ ചോദ്യങ്ങളുടെ നിറം മാറ്റിയതിന് ന്യായീകരണമില്ലെന്നാണ് പ്രതിപക്ഷ അധ്യാപക സംഘടനകൾ പറയുന്നത്.