പോലീസ് വ്യാജ പ്രചാരണം നടത്തുന്നു; പരാതിയുമായി വിശ്വനാഥന്റെ കുടുംബം

വയനാട്: പോലീസിനെതിരേ ആരോപണവുമായി കോഴിക്കോട് മെഡിക്കൽ കോളജിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയ ആദിവാസി യുവാവ് വിശ്വനാഥന്റെ കുടുംബം. കൽപ്പറ്റ പോലീസിനെതിരേയാണ് വിശ്വനാഥന്റെ സഹോദരൻ വിനോദ് പരാതി ഉന്നയിച്ചിരിക്കുന്നത്.
താൻ മാവോയിസ്റ്റ് ആണെന്ന് കൽപ്പ പോലീസ് വ്യാജ പ്രചാരണം നടത്തുകയാണെന്നും തങ്ങളെ സഹായിക്കാനെത്തുന്നവരെയും നാട്ടുകാരെയും ഇവർ ഭയപ്പെടുത്തുന്നുവെന്നും വിനോദ് പറഞ്ഞു.
സിപിഎം, ബിജെപി, ബിഎസ്പി തുടങ്ങി എല്ലാ പാർട്ടിക്കാരും പിന്തുണ നൽകുന്നുണ്ട്. എന്നാല്‍ ഇവരെ പോലീസ് ഭീഷണിപ്പെടുത്തുകയാണ്. ഞാൻ മാവോയിസ്റ്റ് ആണെന്നും കേസില്‍ ഇടപെട്ടാല്‍ നിങ്ങളും പ്രതികളാകുമെന്നാണ് സഹായിക്കാൻ എത്തുന്നവരോട് പോലീസ് പറയുന്നതെന്നും വിനോദ് കൂട്ടിച്ചേർത്തു.
കഴിഞ്ഞ മാസമാണ്, വിശ്വനാഥനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പണവും മൊബൈൽ ഫോണും മോഷ്ടിച്ചു എന്ന് ആരോപിച്ച് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാർ വിശ്വനാഥനെ ചോദ്യം ചെയ്തിരുന്നു. ഇല്ലാത്ത കുറ്റം ആരോപിച്ചതില്‍ വിശ്വനാഥന് ദേഷ്യവും സങ്കടവും ഉണ്ടായിരുന്നുവെന്നും അതാണ് ജീവനൊടുക്കാൻ കാരണമായതെന്നുമാണ് കുടുംബം പറയുന്നത്. ഭാര്യയുടെ പ്രസവത്തിനായാണ് വിശ്വനാഥൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിയത്.