വീർപ്പാട് പന്നിപ്പനി സ്ഥിരീകരിച്ചു; പത്തു കിലോമീറ്റർ ചുറ്റളവിൽ വിൽപന നിരോധിച്ചു

വീർപ്പാട്: ആറളം പഞ്ചായത്തിൽപ്പെട്ട വീർപ്പാട് സ്വകാര്യ വ്യക്തിയുടെ ഫാമിലെ പന്നികൾക്ക് ആഫ്രിക്കൻ പന്നിപ്പനിയെന്നു സ്ഥിരീകരണം. ഇതേത്തുടർന്നു പന്നിഫാമിനു ചുറ്റുമുള്ള ഒരു കിലോമീറ്റർ പ്രദേശം രോഗബാധിത മേഖലയായും 10 കിലോമീറ്റർ ചുറ്റളവ് രോഗ നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാനായ കലക്ടർ ഉത്തരവിട്ടു.
ഫാമിന്റെ 10 കിലോമീറ്റർ ചുറ്റളവിൽ പന്നി മാംസം വിതരണം ചെയ്യുന്നതും വിതരണം ചെയ്യുന്ന കടകളുടെ പ്രവർത്തനവും പന്നികളെ ജില്ലയിലെ മറ്റു പ്രദേശങ്ങളിലേക്ക് കൊണ്ടുപോകുന്നതും മറ്റു പ്രദേശങ്ങളിൽ നിന്നു നിരീക്ഷണ മേഖലയിലേക്കു കൊണ്ടു വരുന്നതും 3 മാസത്തേക്ക് നിരോധിച്ചു.
വീർപ്പാട് രോഗം കണ്ടെത്തിയ ഫാമിലെ അവശേഷിച്ച 23 പന്നികളും ചത്തതായും 1 കിലോമീറ്റർ ചുറ്റളവിൽ മറ്റു പന്നി ഫാമുകൾ ഇല്ലെന്നും ജില്ലാ മൃഗസംരക്ഷണ ഓഫിസർ ഡോ. എസ്.ജെ.ലേഖ അറിയിച്ചു. ജാഗ്രതയുടെ ഭാഗമായാണ് മറ്റു നടപടികൾ.
വീർപ്പാട് ഫാമിലെ 5 പന്നികൾ സംശയ സാഹചര്യത്തിൽ ചത്തതായി വിവരം ലഭിച്ചതിനെ തുടർന്നു കഴിഞ്ഞ 27 ന് ജില്ലാ വിദഗ്ധ സംഘം ഫാമിൽ എത്തി പോസ്റ്റ്മോർട്ടം നടത്തി സാംപിൾ ബെംഗളൂരുവിലെ എസ്ആർഡിഡിഎല്ലിലേക്ക് അയച്ചിരുന്നു.
ഈ റിപ്പോർട്ട് കഴിഞ്ഞ ദിവസം ലഭിച്ചപ്പോഴാണു ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരണം ലഭിച്ചത്.ജില്ലാ കോ – ഓർഡിനേറ്റർ ഡോ. ജയശ്രീ, ജില്ലാ എപ്പിഡെമിയോളജിസ്റ്റ് ഡോ. ആരമ്യ തോമസ്, നോഡൽ ഓഫിസർ ചീഫ് വെറ്ററിനറി സർജൻ ഡോ. ജയമോഹൻ, ഡപ്യൂട്ടി ഡയറക്ടർ ഡോ. പി.പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിൽ ഇന്നലെ വീർപ്പാട് ഫാമിൽ എത്തി ശുചീകരണം നടത്തി.