കടമ്പൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ അക്രമിച്ചതായി പരാതി

കടമ്പൂർ : ലഹരി ഉപയോഗം ചോദ്യം ചെയ്തതിന് കടമ്പൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മശൂദ് ചാത്തോത്തിനെ ആക്രമിച്ച് പരുക്കേൽപിച്ചതായി പരാതി. രണ്ടുപേർ ചേർന്നു മർദിക്കുകയും മുറിവേൽപ്പിക്കുകയും ചെയ്തെന്നാണു പരാതി. മശൂദ് ചാത്തോത്ത് കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിൽ ചികിത്സയിലാണ്.
എടക്കാട് പൊലീസിൽ പരാതി നൽകി. കടമ്പൂർ പഞ്ചായത്ത് പരിധിയിലെ കോട്ടൂരിൽ ലഹരി വസ്തുക്കളും മദ്യവും വിൽപന നടത്തുന്നതായ പരാതിയിൽ സ്ഥലത്ത് പൊലീസ് പരിശോധന നടന്നിരുന്നു. ഇതാണു തന്നെ ആക്രമിക്കാൻ കാരണമെന്ന് മശൂദ് പറഞ്ഞു. ആക്രമിച്ചതിനു പുറമേ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതതായി മഷൂദ് പരാതിയിൽ പറയുന്നു.
‘സിപിഎം, എസ്ഡിപിഐ ഗൂഡാലോചന’
കാടാച്ചിറ ∙ സിപിഎം, എസ്ഡിപിഐ ഗൂഡാലോചനയുടെ ഭാഗമാണ് കടമ്പൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മഷൂദ് ചാത്തോത്തിനു നേരെയുണ്ടായ ആക്രമണത്തിനു പിന്നിലെന്ന് കടമ്പൂർ പഞ്ചായത്ത് മുസ്‍ലിം ലീഗ് കമ്മിറ്റി ആരോപിച്ചു.
വർധിച്ചു വരുന്ന ലഹരി വിപണനത്തിനെതിരെയുള്ള പ്രതിഷേധങ്ങളെ അക്രമം കൊണ്ട് ഇല്ലാതാക്കുന്ന പ്രവണതക്കെതിരെ ജനരോഷം ഉയർന്നു വരേണ്ടതുണ്ടെന്ന് യോഗം അഭിപ്രായപ്പെട്ടു. ഭാരവാഹികളായ ഗോൾഡൻ റഫീഖ്, ഖാലിദ് ഹാജി, കെ.വി.ശാഹുൽ ഹമീദ്, ജലീൽ ആഡൂർ, സമീർ കോട്ടൂർ, സി.എച്ച്.മുഹമ്മദ് ബഷീർ മെയ്ക്കൽ എന്നിവർ പ്രസംഗിച്ചു.