ബ്രണ്ണന്‍ കോളേജില്‍ എസ്. എഫ്. ഐ ബോര്‍ഡിനെതിരെ പ്രതിഷേധവുമായി ക്രൈസ്തവ സംഘടനകള്‍ ;വിവാദമായപ്പോള്‍ മാറ്റി

Share our post

കണ്ണൂര്‍: തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ കലോത്സവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ. സ്ഥാപിച്ച ബോര്‍ഡ് വിവാദമായതോടെ എടുത്തുമാറ്റി. കുരിശില്‍ തറച്ച പെണ്‍കുട്ടിയുടെ ചിത്രവും അതിനോടൊപ്പമുള്ള ‘കേട്ടിട്ടുണ്ടോ അടയാള പ്രേതങ്ങളെക്കുറിച്ച്,

തൂങ്ങുന്ന മുലകളുള്ള പെണ്‍കുരിശിനെക്കുറിച്ച്, കോലമില്ലാത്ത കുമ്പസാരങ്ങളെക്കുറിച്ച്’ എന്നു തുടങ്ങുന്ന പരാമര്‍ശവുമാണ് വിവാദമായത്. ക്രൈസ്തവ സംഘടനകള്‍ ബോര്‍ഡിനെതിരെ തിരിയുകയും വിഷയം സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയും ചെയ്തതോടെയാണ് ബോര്‍ഡ് മാറ്റിയത്.

ക്രൈസ്തവ സമൂഹം രക്ഷയുടെ പ്രതീകമായി കാണുന്ന വിശുദ്ധ കുരിശിനെയും വിശുദ്ധ കുമ്പസാരത്തെയും അപമാനിക്കുന്നതാണ് എസ്.എഫ്.ഐ. സ്ഥാപിച്ച ബോര്‍ഡെന്ന ആക്ഷേപം ഉയര്‍ന്നുകഴിഞ്ഞു. ക്രൈസ്തവ സമുദായത്തെയും സമുദായത്തിന്റെ മതവികാരത്തെയും വ്രണപ്പെടുത്തുന്നതാണ് ബോര്‍ഡെന്നും കെ.സി.വൈ.എം. ഉള്‍പ്പെടെയുള്ള സംഘടനകള്‍ വ്യക്തമാക്കിയിരുന്നു.

കലോത്സവ വേദികളെ മതവിശ്വാസത്തെ വ്രണപ്പെടുത്താനുള്ള വേദിയാക്കുന്നത് പ്രതിഷേധാര്‍ഹമാണെന്നും വിശ്വാസികളെ അവഹേളിച്ചവര്‍ക്കെതിരേ നടപടിയെടുക്കണമെന്നും താമരശ്ശേരി രൂപത ഉള്‍പ്പെടെ ആവശ്യപ്പെടുകയും ചെയ്തതോടെയാണ് എസ്.എഫ്.ഐ. ബോര്‍ഡ് മാറ്റിയത്.

സ്ത്രീ സമത്വവും സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളും സൂചിപ്പിക്കാനാണ് അത്തരത്തിലൊരു ചിത്രം വരച്ചതെന്നും മതത്തെയോ സമുദായത്തെയോ വേദനിപ്പിക്കാനല്ല അങ്ങനെയൊരു ചിത്രം വരച്ചതെന്നുമാണ് എസ്.എഫ്.ഐ. കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ വിശദീകരണം. മതവികാരം വ്രണപ്പെടുത്തി എന്ന പരാമര്‍ശം വന്നതോടെ ചിത്രം മാറ്റിയെന്നും എസ്.എഫ്.ഐ. ജില്ലാ പ്രസിഡന്റ് സഞ്ജീവ് പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!