കണ്ണിനിമ്പമേകും ഈ കൃഷിയിടം

ചെറുപുഴ: ജൈവകൃഷി ചെയ്യുന്ന ചെറുപുഴ കന്നിക്കളത്തെ പൂതക്കുഴിയിൽ നബീസ ബീവിയുടെ (52) വീടിനോടു ചേർന്നുള്ള കൃഷിയിടം മുഴുവൻ വിവിധയിനം പച്ചക്കറികളുടെ കലവറയാണ്. വഴുതന, കാന്താരി, പച്ചമുളക്, വിവിയിനം ചീരകൾ, കാബേജ്, ചോളം, പയർ, തക്കാളി, കക്കിരി, കുമ്പളം, കോളിഫ്ലവർ, സവോള, പൊതിന, വിവിധ തരം പഴവർഗങ്ങൾ തുടങ്ങിയവയാണു നബീസ ബീവിയുടെ കൃഷിയിടത്തെ സമ്പന്നമാക്കുന്നത്. ഇതിനുപുറമേ മീൻ വളർത്തൽ, മുട്ടക്കോഴി, ചെറുതേൻ, ആട് തുടങ്ങിയവയുമുണ്ട്.
വീട്ടിലെ ആവശ്യങ്ങൾക്കു ശേഷം പച്ചക്കറികൾ മുഴുവൻ വിൽപന നടത്തുകയാണു ചെയ്യുന്നത്. ആവശ്യക്കാർ വീട്ടിൽ വന്നു പച്ചക്കറികൾ വാങ്ങും. ജൈവരീതിയിൽ കൃഷി ചെയ്യുന്ന പച്ചക്കറികൾക്ക് ആവശ്യക്കാർ ഏറെയാണ്. പച്ചക്കറി കൃഷി ചെയ്യുന്നത് മനസ്സിന് ഉല്ലാസം നൽകുന്നതിനൊപ്പം കഴിക്കുന്ന ഭക്ഷണം വിഷമില്ലാത്തതാണെന്ന് ഉറപ്പിക്കാനും സാധിക്കും. ഭക്ഷണം നന്നായാൽ തന്നെ യാതൊരുവിധ അസുഖങ്ങളും ശരീരത്തെ ബാധിക്കില്ലെന്നാണു നബീസ ബീവി പറയുന്നത്.
വിവാഹ ശേഷമാണു നബീസ ബീവി കൃഷിയിലേക്കു തിരിയുന്നത്. ഇന്ന് മലയോര മേഖലയിൽ അറിയപ്പെടുന്ന കർഷകയാണു നബീസ ബീവി. പഞ്ചായത്തും ഒട്ടേറെ സാമൂഹിക-സാംസ്കാരിക സംഘടനകളും നല്ല കർഷകയ്ക്കുള്ള ഉപഹാരങ്ങൾ നൽകി നബീസയെ ആദരിച്ചിട്ടുണ്ട്. കൃഷിയെ കുറിച്ചു ക്ലാസ്സെടുക്കാറുമുണ്ട്. കൃഷിഭവൻ, ചെറുപുഴ പഞ്ചായത്ത് എന്നിവ സംഘടിപ്പിക്കുന്ന കൃഷി അനുബന്ധ പരിപാടികളിലെ സജീവസാന്നിധ്യം കൂടിയാണു നബീസബീവി.
വിഷമയമല്ലാത്ത പച്ചക്കറികൾ ഒരോ വീടുകളിലും കൃഷി ചെയ്താൽ ഇന്നു കാണുന്ന പല മാരകരോഗങ്ങളും തടയാനാകും. ഇതിന് ആദ്യം വേണ്ടത് കൃഷി ചെയ്യാനുള്ള മനസ്സാണ്. ഇന്നത്തെ സാഹചര്യത്തിൽ കൃഷി ചെയ്യുന്നതു കർഷകർക്ക് വൻ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതായി നബീസ ബീവി പറയുന്നു. മീൻ ഉൾപ്പെടെയുള്ളവ സമയത്ത് വിറ്റഴിക്കാൻ പറ്റാത്ത സാഹചാര്യമാണു നിലവിലുള്ളത്. ഇതിനു ശാശ്വത പരിഹാരം കാണാൻ അധികൃതർ തയാറാകണം.
ആദ്യം കൃഷിയിൽ നിന്നു വരുമാനം ഉണ്ടാക്കാൻ കർഷകരെ പ്രാപ്തരാക്കുകയാണു വേണ്ടതെന്നു നബീസ ബീവി പറയുന്നു. പ്രവാസി ജീവിതം മതിയാക്കി നാട്ടിലെത്തിയ ഭർത്താവ് അബ്ദുൽ റഹ്മാനും കൃഷിരംഗത്തു സജീവമാണ്. മക്കളായ റിനാലും, റിനിയയും മരുമകൾ ഫൗസിയും ഒഴിവുസമയങ്ങളിൽ നബീസയെ സഹായിക്കാറുണ്ട്. ഫോൺ: 9061553018.