വിമാനത്താവളത്തിനു സമീപത്തെ തീപിടിത്തം: ഏക്കർ കണക്കിനു കൃഷിഭൂമി കത്തിനശിച്ചു; ആശങ്ക ഒഴിയാതെ കുടുംബങ്ങൾ
മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിന്റെ അതിരിനോടു ചേർന്നുള്ള സ്ഥലങ്ങളിൽ തീപിടിച്ച് നാശനഷ്ടം നേരിടുന്ന കുടുംബങ്ങൾ ആശങ്കയിൽ. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ തീപിടിത്തത്തിൽ ഏക്കർ കണക്കിനു കൃഷിഭൂമിയാണ് കത്തി നശിച്ചത്.
വിമാനത്താവളത്തിന്റെ ചുറ്റുമതിൽ ഉള്ളതിനാൽ ഇടുങ്ങിയ സ്ഥലങ്ങളിലുള്ളവരുടെ സ്ഥലത്ത് തീപിടിത്തം ഉണ്ടായപ്പോൾ അഗ്നിരക്ഷാ വാഹനത്തിനു എത്തിപ്പെടാൻ വഴിയില്ലാതെ തീ പടർന്നു പിടിക്കുകയുണ്ടായി.
എളമ്പാറ, കൊതേരി ദേശങ്ങളിലെ ഒട്ടേറെ പേർക്കാണ് നാശനഷ്ടം ഉണ്ടായത്. 5 ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി കാണിച്ച് കൊതേരിയിലെ സി.കെ.രാധാകൃഷ്ണൻ മുഖ്യമന്ത്രിക്കു പരാതി നൽകി.
കഴിഞ്ഞ മൂന്നു വർഷമായി ഇത്തരത്തിൽ തീപിടിത്തം ഉണ്ടാകുന്നു. വിമാനത്താവളത്തിന്റെ മതിൽക്കെട്ടിനോടു ചേർന്നുള്ള സ്ഥലമാണ് കത്തി നശിച്ചത്.
കവുങ്ങ്, തെങ്ങ്, മാവ്, നേന്ത്ര വാഴ, റബർ, തേക്ക്, പ്ലാവ് എന്നിവ കത്തി നശിച്ചു. കഴിഞ്ഞ ഫെബ്രുവരി 28ന് ഉണ്ടായ തീപിടിത്തത്തിൽ 50 കവുങ്ങുകളും 10 തെങ്ങുകളും 30 തേക്ക് മരങ്ങളും 50 കശുമാവും 20 പ്ലാവും 120 നേന്ത്ര വാഴകളും 30 മാവുകളും 100 റബർ മരങ്ങളും നശിച്ചതായി സി.കെ.രാധാകൃഷ്ണൻ പരാതിയിൽ ഉന്നയിച്ചു.
യഥാസമയം തീ കെടുത്താൻ കഴിഞ്ഞിരുന്നില്ലെങ്കിൽ വീടുകളും തീപിടിച്ചു നശിക്കുകയുമായിരുന്നു. വിമാനത്താവള പദ്ധതി പ്രദേശത്തിനു ചുറ്റിലുമുള്ള സ്ഥലങ്ങളിൽ തീ പിടിത്തം ഒഴിവാക്കാൻ ശാശ്വതമായ സംവിധാനം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു.