വി.പി. രാഗേഷിനെ പട്ടും വളയും നൽകി ആദരിച്ചു

തളിപ്പറമ്പ്: മാവിച്ചേരി പയറ്റിയാൽ ഭഗവതി ക്ഷേത്രത്തിൽ തീച്ചാമുണ്ടി കെട്ടിയാടിയ വി.പി. രാഗേഷിനെ ക്ഷേത്ര കമ്മിറ്റിയുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ പട്ടും വളയും നൽകി നൽകി “പണിക്കർ” എന്ന ആചാരപ്പേര് ചൊല്ലിവിളിച്ച് ആദരിച്ചു.
പതിനാലാം വയസ്സിൽ പനങ്ങാട്ടൂർ വേട്ടക്കൊരുമകൻ ക്ഷേത്രത്തിൽ വിഷ്ണുമൂർത്തിയുടെ കോലം കെട്ടിയാണ് രാഗേഷ് തെയ്യങ്ങളുടെ ലോകത്തേക്ക് ചുവടുവെച്ചത്. പിന്നീട് വടക്കൻ മലബാറിൻ്റെ തെയ്യക്കാവുകളിൽ കോലധാരിയായും അസുരവാദ്യത്തിലും നിറഞ്ഞ സാനിധ്യമായി.
കഴിഞ്ഞ 23 വർഷങ്ങളായി പൊട്ടൻ ദൈവം, ഗുളികൻ, ഭൈരവൻ, മടയിൽ ചാമുണ്ഡി, രക്ത ചാമുണ്ഡി തുടങ്ങി നിരവധി തെയ്യങ്ങൾ കെട്ടിയാടുന്നു.
സഹോദരൻ രഞ്ജിത്ത് പണിക്കരും പതിനാലാം വയസ്സ് മുതൽ ഈ രംഗത്തുണ്ട്. വെള്ളാവ് പുളിയാംമ്പള്ളി തറവാട്ടിൽ മടയിൽ ചാമുണ്ഡി കെട്ടിയാണ് രഞ്ജിത്ത് ആചാരസ്ഥാനം വാങ്ങിയത്.
കുറ്റ്യേരി വലിയ പുരയിൽ പരേതനായ രാമൻ പണിക്കരുടെയും കെ.പി. ഭാഗീരഥിയുടേയും മകനാണ്. ഭാര്യ അശ്വതി. ആരവ് റാം ഏകമകനാണ്.