കലാഭവന്‍ മണി ഓര്‍മ്മയായിട്ട് ഇന്ന് ഏഴ് വര്‍ഷം

Share our post

കലാഭവന്‍ മണി ഓര്‍മ്മയായിട്ട് ഇന്ന് ഏഴ് വര്‍ഷം. ചാലക്കുടിയിലെ മണിയുടെ വീട് തേടിയുള്ള ആളുകളുടെ വരവ് ഇപ്പോഴും നിലച്ചിട്ടില്ല. നടനായും പാട്ടുകാരനായും ജീവിച്ച മണി അസാന്നിധ്യത്തിലും ചാലക്കുടിയില്‍ നിറഞ്ഞു നില്‍ക്കുന്നു.കലാഭവന്‍ മണിയുടെ നാല്‍പത്തിയഞ്ച് വര്‍ഷത്തെ ജീവിതം പകുത്തു പറഞ്ഞാല്‍ നിത്യ ദാരിദ്യവും തീരാ ദുരിതയും തീര്‍ത്ത പകുതി.

അധ്വാനവും പ്രതിഭയും കൊണ്ട് കീഴടക്കിയ ബാക്കി ദൂരം. ദുരന്ത കഥയിലെ നായകനായി 2016 മാര്‍ച്ച് ആറിന് വീണുപോയപ്പോള്‍ ചാലക്കുടിയിലേക്ക് ഒഴുകിയെത്തിയത് ആയിരക്കണക്കിന് മനുഷ്യര്‍.

ഇപ്പോഴും ഒട്ടും കുറയാതെ മണിയെ ഹൃദയത്തില്‍ തന്നെ അവര്‍ നിര്‍ത്തിയിരിക്കുന്നു. ചാലക്കുടിവഴി പോകുമ്പോഴെല്ലാം മണികൂടാരം തേടിവരുന്നു, മണി വീണുപോയ പാടിയെന്ന വിശ്രമ കേന്ദ്രത്തിലെത്തി മടങ്ങുന്നു.

71ലെ പുതുവത്സര പുലരിയില്‍ രാമന്‍ – അമ്മിണി ദമ്പതികളുടെ ഏഴു മക്കളില്‍ ആറാമനായി ജനിച്ച മണി ഓട്ടോ ഡ്രൈവറായാണ് ജീവിതത്തിലും സിനിമയിലും അരങ്ങേറിയത്. കലാഭവനില്‍ പയറ്റിത്തെളിഞ്ഞ മണിക്ക് സല്ലാപത്തിലെ ചെത്തുകാരന്‍ നാലാളറിയുന്ന വേഷമായി. വാസന്തിയും ലക്ഷ്മിയും സിംഹാസനമുറപ്പിച്ചു.ഇതര ഭാഷകളിലും ഒന്നാന്തരം നടനായി മണി.

സിനിമയില്‍ നിന്ന് ഇടവേളയെടുത്ത് സ്റ്റേജില്‍ പാട്ടുപാടി ആള്‍ക്കൂട്ടത്തിനൊപ്പം തന്നെ മണി നിന്നു. ഓണക്കാലത്ത് മണിയുടെ പുതിയ പാട്ടു കാസറ്റിനായി മലയാളി കാത്തുനിന്നിരുന്നു. എവിടെപ്പോയാലും വേഗം വേഗം ചാലക്കുടിയിലേക്ക് ഓടിയെത്തി.പ്രതിഭയുടെ ധാരാളിത്തവും നിയന്ത്രണം വിട്ട ജീവിതപ്പോക്കും മണിയെ വീഴ്ത്തി. മീഥേല്‍ ആല്‍ക്കഹോളിനെച്ചുറ്റിപ്പറ്റി അന്വേഷണമുണ്ടായെങ്കിലും കരള്‍ രോഗം മരണത്തിലേക്ക് നയിച്ചെന്നായിരുന്നു സിബിഐ കണ്ടെത്തില്‍.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!