‘കണ്ണൂർ വിമാനത്താവളത്തിന്റെ വളർച്ചയ്ക്ക് വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കും’

Share our post

കണ്ണൂർ: വടക്കേമലബാറിന്റെ വിനോദസഞ്ചാര സാധ്യതകൾ പ്രയോജനപ്പെടുത്തി രാജ്യാന്തര വിമാനത്താവളത്തിന്റെ വളർച്ചയ്ക്കു വഴിയൊരുക്കുമെന്ന് ആദ്യയാത്രക്കാരുടെ കൂട്ടായ്മയായ ടീം ഹിസ്റ്റോറിക്കൽ ഫ്ലൈറ്റ് ജേണി.

കൂട്ടായ്മയുടെ ഉൾപ്പെടെ നിരന്തര ഇടപെടലിന്റെ ഫലമായി കണ്ണൂരിൽ ഹജ് പുറപ്പെടൽ കേന്ദ്രം അനുവദിച്ചതിൽ ആഹ്ലാദം പ്രകടിപ്പിച്ച് കൂട്ടായ്മയുടെ നേതൃത്വത്തിൽ കേക്ക് മുറിച്ചു.

എയർ ഇന്ത്യയുടെ കൂടുതൽ സർവീസ് കണ്ണൂർ വഴി ആരംഭിക്കണമെന്ന് ടാറ്റ സൺസ് ഗ്രൂപ്പ് പ്രസിഡന്റ് രമേഷ് നമ്പ്യാർക്ക് നിവേദനം നൽകി. വിമാനത്താവളത്തിന്റെ വളർച്ചയ്ക്കായി പാർലമെന്റിലും പുറത്തും ഇടപെടലുകൾ തുടരുമെന്നു പരിപാടി ഉദ്ഘാടനം ചെയ്ത ഡോ. വി.ശിവദാസൻ എംപി പറഞ്ഞു.

കണ്ണൂർ വിമാനത്താവളം വഴി സഞ്ചാരികൾ എത്തുന്ന തരത്തിൽ വിനോദസഞ്ചാര പാക്കേജുകൾ തയാറാക്കുമെന്ന് ഡൽഹി ആസ്ഥാനമായ പണിക്കേഴ്സ് ട്രാവൽസ് എംഡി ബാബു പണിക്കരും ബെംഗളൂരു ആസ്ഥാനമായ പടിക്കൽ ട്രാവൽസ് സിഇഒ മനോജ് പടിക്കലും പറഞ്ഞു. റോഡ് മാർഗവും വടക്കേമലബാറിലേക്ക് സഞ്ചാരികളെ എത്തിക്കുമെന്നും ഇവർ പറഞ്ഞു.

കിയാൽ മാനേജിങ് ഡയറക്ടർ സി.ദിനേശ് കുമാർ, ഡയറക്ടർ ഡോ. എം.പി.ഹസ്സൻകുഞ്ഞി, ആർക്കിടെക്ട് ടി.വി.മധുകുമാർ, അബ്ദുൽ ലത്തീഫ് കെ.എസ്.എ, വി.പി.ഷറഫുദ്ദീൻ (വെയ്ക്), ജയദേവ് മാൽഗുഡി (വാക്), അശോക് ശങ്കർ, ഹിസ്റ്റോറിക്കൽ ഫ്ലൈറ്റ് ജേണി കോഓർഡിനേറ്റർ റഷീദ് കുഞ്ഞിപ്പാറാൽ, എസ്.കെ.ഷംസീർ, ഫൈസൽ മുഴപ്പിലങ്ങാട്, ബഷീർ അൽഹിന്ദ്, എൻ.പി.സി.രംജിത്, ദിനേശ് നമ്പ്യാർ, കണ്ണൂർ പ്രസ് ക്ലബ് ജോ.സെക്രട്ടറി എം.സന്തോഷ് എന്നിവർ പ്രസംഗിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!