പെണ്‍കുട്ടിയെ ഉപയോഗിച്ച് വ്യാജ വാര്‍ത്ത: ഏഷ്യാനെറ്റിനെതിരെ പൊലീസ് കേസെടുത്തു

കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപയോഗിച്ച് വ്യാജ വാര്‍ത്ത നിര്‍മിച്ച സംഭവത്തില്‍ ഏഷ്യാനെറ്റിനെതിരെ പൊലീസ് കേസെടുത്തു. പിവി അന്‍വര്‍ എംഎല്‍എയുടെ പരാതിയിലാണ് കേസെടുത്തത്. കോഴിക്കോട് വെള്ളയില്‍ പൊലീസാണ് കേസെടുത്തത്.
പോക്‌സോ, വ്യാജരേഖ ചമക്കല്‍, ക്രിമിനൽ ഗൂഢാലോചന എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് . 2022 നവംബര്‍ 10ന് ഏഷ്യാനെറ്റ് ന്യൂസ് സംപ്രേഷണം ചെയ്ത റിപ്പോര്‍ട്ടില്‍ പതിനാലുകാരിയുടേതായി ചിത്രീകരിച്ച അഭിമുഖം വ്യാജമാണെന്ന് തെളിയുകയായിരുന്നു.
സഹപാഠികള്‍ ലൈംഗികമായി ചൂഷണംചെയ്യാറുണ്ടെന്നും പത്തിലധികം വിദ്യാര്‍ഥിനികള്‍ ചൂഷണത്തിനു വിധേയരായിട്ടുണ്ടെന്നും ഏഷ്യാനെറ്റ് ന്യൂസിന്റെ കണ്ണൂര്‍ ലേഖകന്‍ നൗഫല്‍ ബിന്‍ യൂസഫ് നടത്തിയ അഭിമുഖത്തില്‍ യൂണിഫോം ധരിച്ച വിദ്യാര്‍ഥിനി പറയുന്നുണ്ട്.
ഇക്കാര്യത്തില്‍ സ്‌കൂളിലെ വിദ്യാര്‍ഥിനികളെയും അഭിമുഖത്തിലുള്ള വിദ്യാര്‍ഥിനിയുടെ സുഹൃത്തുക്കളെയും കണ്ട് കണ്ണൂര്‍ സിറ്റി പൊലീസ് അന്വേഷിച്ചു. എന്നാല്‍, അങ്ങിനെ പീഡനത്തിരയായതായി അറിവായിട്ടില്ല.
വാര്‍ത്ത ശരിയെന്ന് ?ആവര്‍ത്തിച്ച് ഏഷ്യാനെറ്റ്
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ അഭിമുഖം അടക്കമുള്ള ഏഷ്യാനെറ്റ് റിപ്പോര്‍ട്ട് വ്യാജമായി നിര്‍മിച്ചതാണെന്ന വാര്‍ത്തകള്‍ നിറയുമ്പോഴും മുന്‍ വാര്‍ത്ത വീണ്ടും പ്രക്ഷേപണം ചെയ്ത് ഏഷ്യാനെറ്റ്. അഭിമുഖത്തിലെ പെണ്‍കുട്ടിയുടെ ശബ്ദം വീണ്ടും സംപ്രേഷണം ചെയ്താണ് ഏഷ്യാനെറ്റ് വാര്‍ത്ത ശരിയാണെന്ന നിലപാട് ആവര്‍ത്തിച്ചത്.
എന്നാല്‍, പത്തിലധികം പെണ്‍കുട്ടികള്‍ കൂടി ചൂഷണത്തിനിരയായതായി പെണ്‍കുട്ടി അന്ന് പറഞ്ഞതിനെക്കുറിച്ച് നിശ്ശബ്ദത പാലിച്ചു. ഇക്കാര്യം അന്വേഷിച്ച പൊലീസ് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലില്‍ വസ്തുതയില്ലെന്ന് കണ്ടെത്തിയിരുന്നു. ഇതേക്കുറിച്ചാണ് ഏഷ്യാനെറ്റ് മൗനം തുടരുന്നത്.
വ്യാജ സൃഷ്ടി കോഴിക്കോട്ടെ ഓഫീസില്‍
ഏഷ്യാനെറ്റ് ന്യൂസ് വ്യാജവാര്‍ത്ത ചിത്രീകരിച്ചത് കോഴിക്കോട് ചാനല്‍ ഓഫീസില്‍. കണ്ണൂര്‍ റിപ്പോര്‍ട്ടര്‍ നൗഫല്‍ ബിന്‍ യൂസഫ് കോഴിക്കോട് സ്റ്റുഡിയോയിലെത്തിയാണ് അഡ്മിനിസ്ട്രേറ്റീവ് വിഭാഗം ജീവനക്കാരിയുടെ മകളെവച്ച് അഭിമുഖം ചിത്രീകരിച്ചതെന്നാണ് സ്പെഷ്യല്‍ ബ്രാഞ്ച് കണ്ടെത്തല്‍. കഴിഞ്ഞ നവംബര്‍ 10നാണ് ‘നാര്‍ക്കോട്ടിക് ഈസ് എ ഡേര്‍ട്ടി ബിസിനസ്’ റിപ്പോര്‍ട്ട് സംപ്രേഷണം ചെയ്തത്.
മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയനുസരിച്ച് നഗരത്തിലെ സ്വകാര്യ സ്‌കൂളില്‍ ഏഴില്‍ പഠിക്കുന്ന വിദ്യാര്‍ഥിനിയെ പീഡനത്തിനിരയായ പെണ്‍കുട്ടിയായി ചിത്രീകരിക്കുകയായിരുന്നു. എന്നാല്‍, ഏഴില്‍ പഠിക്കുമ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട യുവാവാണ് ലഹരി ഉപയോഗിക്കാന്‍ പഠിപ്പിച്ചതെന്നും പിന്നീട് ലഹരിക്കടത്ത് കരിയറായി പ്രവര്‍ത്തിച്ചതായുമാണ് അഭിമുഖത്തില്‍ പറയുന്നത്.